Wednesday, March 26, 2008

ചെങ്ങറ സമരവും ധാര്‍മ്മികതയും



ചെങ്ങറ സമരത്തിനെതിരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പരിചയാണു സ. ഏ.കെ.ബാലന്‍. നേരമ്പോക്കിനു മന്ത്രിപ്പണിയുണ്ട്‌. സഖാവിന്റെ ഒരു പ്രസ്താവന കണ്ടപ്പോഴാണു സമരക്കാര്‍ക്ക്‌ ധാര്‍മ്മികത തീരെ ഇല്ല എന്ന് മനസ്സിലായത്‌. കാരണം അന്യന്റെ ഭൂമിയല്ലേ സമരക്കാര്‍ തങ്ങള്‍ക്ക്‌ കിട്ടണം എന്നാവശ്യപ്പെടുന്നത്‌? അത്‌ ഒട്ടും ശരിയല്ല!


സഖാവെ, സമരം ചെയ്യുന്ന മണ്ണിന്റെ മക്കള്‍ക്ക്‌ രാഷ്ട്രീെയബോധം കുറവാണു. കുടികിടപ്പ്‌ നിയമപ്രകാരം പണ്ട്‌ ഭൂമികിട്ടിയവരോട്‌ ഭൂമി തിരിച്ചുകൊടുക്കുവാന്‍ പറയുമോ എന്ന് മണ്ണിന്റെ മക്കള്‍ ചോദിച്ചേക്കാം. കാരണം അന്നും സ്വകാര്യ ഭൂമിയില്‍നിന്നാണല്ലോ കുടികിടപ്പവകാശം കൊടുത്തത്‌?

Tuesday, March 25, 2008

തസ്ലീമ നസറീന്‍



നാലുവര്‍ഷത്തെ ഇന്ത്യയിലെ ജീവിതം മതിയാക്കി തസ്ലീമ വീണ്ടും യൂറോപ്പിലേയ്ക്‌ മടങ്ങി. വളരെ പ്രതീക്ഷകളോടെയാണു അവര്‍ കല്‍ക്കത്തയിലേയ്ക്‌ വന്നത്‌. സ്വന്തം രാജ്യത്ത്‌ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ജനാധിപത്യ രാജ്യത്തിലും തന്നെ പിന്തുടരുന്നു എന്നത്‌ ഇപ്പോഴും അവര്‍ക്ക്‌ വിശ്വസിക്കുവാന്‍ പ്രയാസം. മുസ്ലീം സമുദായത്തിലെ ഒരുവിഭാഗം തസ്ലീമയ്ക്കെതിരെ കല്‍ക്കത്തയില്‍ തെരുവിലിറങ്ങിയപ്പോള്‍ വിപ്ലവഭരണകൂടം ഒന്നു ഞെട്ടി. നന്ദിഗ്രാമിനും സിങ്കൂരിനും ശേഷം വോട്ട്ബാങ്കുകളില്‍ വീണ്ടും ചോര്‍ച്ചയുണ്ടാകുന്നത്‌ എങ്ങനെ തടഞ്ഞുനിര്‍ത്താം എന്നതായിരുന്നു സഖാക്കളുടെ ചിന്ത. തസ്ലീമയ്ക്ക്‌ വിസ കൊടുത്തത്‌ കേന്ദ്രസര്‍ക്കരാണെന്നും ഇതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ്‌ യെച്ചൂരി സഖാവ്‌ ഒഴിഞ്ഞ്‌ മാറി. തൊമ്മന്‍ അഴഞ്ഞപ്പോള്‍ ചാണ്ടി മുറുകി! എം.എഫ്‌. ഹുസൈനെ ഇന്ത്യയില്‍ കാലുകുത്തുവാന്‍ അനുവദിക്കില്ല എന്നു പറയുന്നവര്‍ 'തസ്ലീമ ബെന്‍' നെ ഹൈന്ദവപറുദീസയിലേയ്ക്‌ ക്ഷണിക്കുവാന്‍ മറന്നില്ല! ഈ വരുന്ന മെയ്‌ ജൂണ്‍ മാസങ്ങളില്‍ ബംഗാളില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മുസ്ലീം സഹോദരങ്ങളുടെ വോട്ട്‌ നേടിയാലെ ഇടതിനും കോണ്‍ഗ്രസ്സിനും ഭരണം ഉറപ്പിക്കുവാന്‍ പറ്റു. അതിനുശേഷം ലോകസഭാ തിരഞ്ഞെടുപ്പും ഉണ്ടായേക്കാം. വോട്ടിനേക്കാള്‍ വലുതല്ലല്ലോ ആവിഷ്കാര സ്വാതന്ത്ര്യം?


തസ്ലീമ, ഇന്ത്യയെ മറന്നേക്കൂ, ഞങ്ങളോട്‌ ക്ഷമിക്കൂ!!!

Tuesday, March 18, 2008

നമ്മള്‍ കൊയ്യാത്ത വയലെല്ലാം....



കേരളത്തിലെ കര്‍ഷകര്‍ പ്രത്യേകിച്ചും നെല്‍കൃഷിക്കാര്‍ മരമണ്ടന്മ്മാരാണു! വല്ല കാര്യമുണ്ടോ കൃഷിപോലുള്ള പഴഞ്ചന്‍ പരിപാടിയ്ക്‌ പോയിട്ട്‌? അരി വേണ്ടുവോളം ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍നിന്നും കിട്ടും. സ്വല്‍പം കുറവുണ്ടെങ്കില്‍ മുട്ടയും പാലും കോഴിയും വേണ്ടുവോളമുണ്ട്‌. വേനല്‍ മഴ കാരണം സംസ്ഥാനത്ത്‌ 13,000 ഹെക്ടറില്‍ കൃഷി നശിച്ചുവെന്ന് - കൊയ്തതും കൊയ്യാത്തതുമായ നെല്ല് ഉള്‍പ്പടെ - ബൂര്‍ഷ്വാ പത്രങ്ങള്‍. കുട്ടനാട്ടില്‍ തൊഴിലാളി ക്ഷാമം മൂലം കൊയ്ത്ത്‌ വൈകി എന്നും (സാക്ഷരതയിലൂടെ ഞങ്ങള്‍ക്ക്‌ മനസ്സിലായല്ലോ കൃഷി മോശമാണെന്ന്) കൊയ്യാനുള്ള യന്ത്രം യഥാസമയത്ത്‌ ഉപയോഗിക്കുവാന്‍ സഖാക്കളുടെ നേതൃത്വത്തിലുള്ള യൂണിയന്‍ അനുവാദം കൊടുത്തില്ല എന്നും വര്‍ഗ്ഗ ശത്രുക്കള്‍ പറയുന്നു. ശത്രുക്കള്‍ക്കറിയില്ലല്ലോ മുതലാളിത്തഘട്ടത്തില്‍ ഇങ്ങനെ ചില അടവും നയവും വേണ്ടിവരുമെന്ന്! കൃഷി എന്തിനാ? പാടം നികത്തി ഫ്ലാറ്റുകളോ അല്ലെങ്കില്‍ ബംഗാള്‍ സഖാക്കള്‍ ചെയ്തപോലെ പ്രത്യേക സാമ്പത്തിക മേഖലകളാക്കി ഫാക്റ്ററികളോ പണിതുകൂടെ? ഒന്നുമില്ലെങ്കില്‍ ഇഷ്ടികക്കളമാക്കാമല്ലോ?


നമ്മള്‍ കൊയ്യാത്ത വയലെല്ലാം


നമ്മുടെതാക്കാം ഭൂമാഫിയേ!

Monday, March 17, 2008

മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുന്‍പോള്‍ ആദ്യമായി കേരളവും തമിള്‍നാടും തമ്മിലുള്ള നദീജല തര്‍ക്കവും രണ്ടാമതായി ഈ പുരാതന അണക്കെട്ടുയര്‍ത്തുന്ന ഭീഷണിയുമാണു ആര്‍ക്കും ഒോര്‍മ്മയില്‍ വരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ ഈ അണക്കെട്ടിനെ സംബന്ധിച്ച ചില നിര്‍ണ്ണയാക തീരുമാനങ്ങള്‍ പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും.

1886 ഒക്ടോബര്‍ 29നാണു തിരുവതാംകൂര്‍ രാജാവ്‌ ബ്രിട്ടീഷ്‌ ഭരണപ്രദേശമായ മദ്രാസ്‌ സര്‍ക്കാരുമായി ഉടന്‍പടി ഒപ്പുവയ്ക്കുവാന്‍ നിര്‍ബന്ധിതമായത്‌. ഉടന്‍പടി പ്രകാരം തിരുവതാംകൂര്‍ അധീനതയിലുള്ള 8000 ഏക്കര്‍ സ്തലം 999 വര്‍ഷത്തേയ്ക്ക്‌ പാട്ട്ത്തിനായി വിട്ടുകൊടുക്കേണ്ടി വന്നു. പ്രതിവര്‍ഷം 40,000/- രൂപ വാടക. രസകരമായ വസ്തുത 999 വര്‍ഷം ഒരു അണക്കെട്ടിനും നിലനില്‍ക്കാന്‍ സാദ്ധ്യമല്ല എന്നതാണു! ഇന്നത്തെ കാലഘട്ടത്തില്‍ പോലും അതിവിദഗ്ധമായി പണിയുന്ന അണക്കെട്ടുകള്‍ക്കുള്ള ജീവിതാവധി 50-60 വര്‍ഷങ്ങളാണു എന്നു വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ സായ്പ്‌ വിചാരിച്ചുകാണും ഇവറ്റകള്‍ക്കു 999 വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യം കിട്ടില്ലെന്ന്!

ഉടന്‍പടിയിലെ പ്രധാന വ്യവസ്ത ഈ അണക്കെട്ടില്‍നിന്നുള്ള ജലം മധുര ജില്ലയില്‍ ജലസേചനകാര്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ എന്നതാണു. 1895ല്‍ അണക്കെട്ടുനിര്‍മ്മണാം പൂര്‍ത്തിയായി. അതികഠിനമായ വരള്‍ച്ച നേരിട്ടുകൊണ്ടിരുന്ന മധുരജില്ലയ്ക്കു പെരിയാറിലെ ജലം അവിശ്വസനീയമായ കാര്‍ഷികപുരോഗതിയാണു നേടിക്കൊടുത്തത്‌. പതുക്കെ ഇവിടെനിന്നുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ മദ്രാസ്‌ സര്‍ക്കാര്‍ ശ്രമം തുടങ്ങി. വൈദ്യുതി ഉല്‍പ്പാദനം കരാര്‍ വ്യവസ്ഥയ്ക്ക്‌ എതിരാണെന്നുള്ളതുകൊണ്ടു തിരുവതാംകൂര്‍ ഈ നീക്കത്തെ ആദ്യമേ തന്നെ എതിര്‍ത്തു. മദ്രാസ്‌ സര്‍ക്കാരാകട്ടെ, വെള്ളം കേരളത്തിന്റെ അതിര്‍ത്തിക്ക്‌ പുറത്ത്‌ കടന്നാല്‍ പിന്നെ അവരുടേതായി എന്നും തിരുവതാംകൂറിനു ഇതിലൊരു അധികാരമില്ലെന്നുമായിരുന്നു.

ഈ അവസരത്തിലാണു സര്‍ സി.പി. (മലയാളിയ്ക്കിന്നും ക്രുരനും കൌശലക്കാരനും മാത്രമാണു ഈ ഭരണാധികാരി) തിരുവതാംകൂരിന്റെ നിയമ-ഭരണ ഉപദേഷ്ടാവായി 1931ല്‍ നിയമിതനാകുന്നത്‌. രണ്ടു രാജ്യങ്ങള്‍ക്കും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിലെത്തുവാന്‍ സാധിക്കാഞ്ഞതുമൂലം പ്രശ്നം ആര്‍ബിട്രേഷന്‍ ട്രൈബൂണലിനു വിട്ടു. തിരുവതാംകൂറിനുവേണ്ടി സര്‍ സി.പി.യാണു ട്രൈബൂണലില്‍ ഹാജരായത്‌. 1936ല്‍ രണ്ട്‌ ആര്‍ബിറ്റര്‍മാരും പരസ്പരവിരുദ്ധമായ വിധികളാണു പുറപ്പെദുവിച്ചത്‌. 1936 ഒക്ടോബര്‍ 8നു സര്‍ സി.പി. തിരുവതാംകൂര്‍ ദിവാനായി നിയമിതനായി. 1937ല്‍ മദ്രാസ്‌ പ്രധാനമന്ത്രിയായിരുന്ന സി. രാജഗോപാലാചാരിയും സര്‍ സി.പിയും കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ പ്രശ്നം ഒരു മദ്ധ്യസ്ഥന്റെ തീരുമാനത്തിനു വിടാമെന്ന ധാരണയായി. കല്‍ക്കത്താ ഹൈക്കോടതിയില്‍ ജഡജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി മദ്ധ്യസ്ഥനായി നിയമിതനായി. മദ്രാസിനു വേണ്ടി അല്ലാടി കൃഷ്ണസ്വാമി അയ്യരും തിരുവതാംകൂറിനുവേണ്ടി സര്‍ സി.പിയും ഹാജരായി. സി.പിയുടെ പ്രധാന വാദഗതികള്‍ ഇപ്രകാരമായിരുന്നു:

1) മധുര ജില്ലയിലെ ജലസേചനകാര്യങ്ങള്‍ക്കു മാത്രമാണു മദ്രാസിനു തിരുവതാംകൂര്‍ ജലം നല്‍കാന്‍ അനുമതി നല്‍കിയത്‌.

2)വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള തീരുമാനം വാണിജ്യപരമാണു.

3) മധുര ജില്ലയിലെ ജലസേചനകാര്യങ്ങള്‍ക്കുശേഷമുള്ള മിച്ച ജലം മധുര, പെരിയാംകുളം എന്നീ പട്ടണങ്ങള്‍ക്ക്‌ കുടിവെള്ളത്തിനുപോലും ഉപയോഗിക്കുവാന്‍ പാടില്ല.

1941 മെയ്‌ 12നു മദ്ധ്യസ്ഥന്റെ തീരുമാനം തിരുവതാംകൂറിന്റെ വാദങ്ങളെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിണ്ണായകഘട്ടം എന്നു പറയാവുന്ന, മഹാമണ്ടത്തരം നടന്നതു 1970 മെയ്‌ മാസത്തിലാണു. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ എന്നു പേരുകേട്ടവര്‍ , യാതൊരു പഠനങ്ങളും നടത്താതെ തമിഴ്നാടുമായി പഴയ കരാര്‍ പുതുക്കുവാന്‍ തീരുമാനിച്ചു. കേരളത്തിന്റെ വൈദ്യുതാവശ്യങ്ങള്‍ക്കു വെള്ളം വേണമെന്നോ കുടിവെള്ളത്തിനും ജലസേചനത്തിനും വെള്ളം വേണമെന്നോ ആരും ഓര്‍ത്തില്ല. 80കളില്‍ മഴ കുറയാനും ജലദൌര്‍ലഭ്യം കൂടുവാനും തുടങ്ങിയതോടെയാണു നമ്മള്‍ ഉണര്‍ന്നു തുടങ്ങിയത്‌.വേനല്‍ക്കാലത്ത്‌ ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍പോലും നമുക്ക്‌ വെള്ളമില്ല.വൈദ്യുതിക്ഷാമം ഇന്നു നമുക്ക്‌ നിത്യ പരിചയമാണു.ചുണ്ണാന്‍പു മിശ്രിതം ഉപയോഗിച്ച്‌ പണിത ഈ അണക്കെട്ട്‌ സുരക്ഷിതമല്ല എന്നതു മാത്രമാണു ഇന്നു നമുക്കു പറയുവാനുള്ള ഏക ആശ്രയം. മാറി മാറി വരുന്ന സര്‍ക്കാരുകളും മന്ത്രിമാരും ഇതുതന്നെ ഏറ്റുപറയുന്നു. വാദം ശരി തന്നെ. പക്ഷെ ഇവിടെ ഇവര്‍ വിസ്മരിക്കുന്നത്‌ മുല്ലപ്പെരിയാര്‍ ജലവും അണക്കെട്ട്‌ നില്‍ക്കുന്ന സ്ഥലവും പൂര്‍ണ്ണമായും കേരളത്തിന്റേതാണു എന്ന കാര്യമാണു. പഴയ അണക്കെട്ട്‌ പൊളിച്ച്‌ പുതിയതു പണിതാലും ജലം തമിഴ്നാട്‌ കൊണ്ടുപോകും. നമുക്ക്‌ അപ്പോഴും വെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥ തന്നെ! കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ വെള്ളം കൊടുക്കുന്നതില്‍ തെറ്റില്ല (സി.പി. വാദിച്ച്തുപോലെ ഇതിനുവേണ്ടി മാത്രം). പക്ഷേ അതോടൊപ്പം ഇത്‌ കേരളത്തിന്റെ ജലമാണെന്ന് തമിഴ്നാടിനെക്കൊണ്ട്‌ സമ്മതിപ്പിക്കുവാനുള്ള രാഷ്ട്രീയ തന്റേടം നമ്മള്‍ കാട്ടണം. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള ജലം മുല്ലപ്പെരിയാറില്‍ നിന്നും ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം എന്നും നമ്മള്‍ക്കുള്ളതായിരിക്കണം.

Thursday, March 13, 2008

ആണവക്കരാറിനെതിരെ




ദില്ലിയിലെ ജന്തര്‍മന്ദറില്‍ നിരാഹാര സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും ഒരു പുതുമയല്ല. പ്രത്യേകിച്ചും പാര്‍ലമന്റ്‌ സമ്മേളിച്ചുകൊണ്ടിരിക്കുന്‍പോള്‍. എന്നാല്‍ മാര്‍ച്ച്‌ 10മുതല്‍ കേരളത്തില്‍നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തുടങ്ങിയിരിക്കുന്ന അനിശ്ചിതകാല നിരാഹാരസമരം അവര്‍ ഏറ്റെടുത്തിരിക്കുന്ന വിഷയം കാരണം വളരെ വ്യത്യസ്തമാണു. സ്റ്റുഡന്റ്സ്‌ എഗയിന്‍സ്റ്റ്‌ നുക്ലിയര്‍ പവര്‍ (എസ്‌.എ.എന്‍.പി.) എന്ന സംഘടനയുടെ കീഴില്‍ ആണവക്കരാരിനെതിരെയാണു ഇവര്‍ പ്രക്ഷോഭത്തിനു എത്തിയിരിക്കുന്നത്‌. ഈസമരം വെറും ഇന്ത്യ-അമേരിക്ക ആണവക്കരാരിനെതിരെ മാത്രമല്ലെന്നും പൊതുവായി ആണവോര്‍ജ്ജത്തിനും ആണവായുധങ്ങള്‍ക്കുമെതിരാണെന്നും ഇവര്‍ പറയുന്നു. ചെര്‍ണോബിലും ത്രീ മൈ ല്‍ ഐലന്റും നമ്മള്‍ മറന്നിട്ടില്ല. പുതിയ സാങ്കേതിക വിദ്യകള്‍കൊണ്ട്‌ പ്രകൃതിയ്ക്കിണങ്ങിയ പല മാര്‍ഗ്ഗങ്ങളിലൂടേയും ഊര്‍ജ്ജം കണ്ടെത്താമെന്നുള്ളപ്പോള്‍ മരണം വിതയ്ക്കുന്ന ആണവോര്‍ജ്ജം എന്തിനു എന്ന് ഇവര്‍ ചോദിക്കുന്നു. നമ്മുടെ ഭരണാധികാരികളുടെ കണ്ണ്‍ തുറന്നില്ലെങ്കിലും ജനങ്ങളുടെ കണ്ണ്‍ തുറന്നെങ്കില്‍!!!!!!കൂടുതല്‍ വിവരത്തിനു ബന്ധപ്പെടുക:

sanpindia@gmail.com

Tuesday, March 11, 2008

അമ്മ

അമ്മേ എന്നു വിളിച്ചപ്പോള്‍ അമ്മയുടെ മറു ചോദ്യം. നീ എന്നെ തന്നെയാണൊ വിളിച്ചെ? ഒന്നു ഞെട്ടിയെങ്കിലും അമ്മയും പത്രം വായിച്ചുകാണും എന്നോര്‍ത്തപ്പോള്‍ വേറൊന്നും പറയുവാന്‍ തോന്നിയില്ല! പത്രം നിറച്ചും അമ്മയല്ലിയോ? പത്രതന്‍പുരാട്ടിയുടെ ഭാഷയില്‍ ഈ അമ്മ - കാരുണ്യത്തിന്റെ മഹാസാഗരം സ്നേഹത്തിന്റെ നീലാകാശം!(നമ്മടവിടെ ഒന്നും ഇല്ലേ നിങ്ങടെവിടെ ഒക്കെ ഇണ്ടേ എന്ന കണ്ടാണശ്ശേരി പ്രയോഗം ഓര്‍മ്മവന്നു). കുട്ടിക്കാലം മുതലേ ദൈവവുമായി അടുത്ത്‌ ഇടപെഴകാന്‍ തുടങ്ങിയ അമ്മ ആ ചൈതന്യത്തിന്റെ പ്രകാശകിരണങ്ങള്‍ ഭക്തരിലും ചൊരിയുന്നു! (ഭയങ്കര സ്വാധീനമാ).എം.എസ്‌.വിശ്വനാഥന്റെ പഴയ ഗാനം ഓര്‍ത്തുകൊണ്ടു സ്വയം പറഞ്ഞു. ഇനി പെറ്റമ്മേ എന്നു വിളിച്ചു നോക്കാം!

Monday, March 10, 2008

Chendamangalam


സ്വന്തം നാടിനെക്കുറിച്ച്‌ രണ്ടുവരി എഴുതിയില്ലെങ്കില്‍ എന്തൂടട്‌ ബ്ലോഗ്‌ ഇഷടാ? അതുകൊണ്ട്‌ അല്‍പ്പം ചരിത്രം തട്ടിക്കളയാം!
ഏ.ഡി. 95നും 162നും ഇടയക്കു ജീവിച്ചിരുന്ന ഗ്രീക്കു പണ്ടിതനായിരുന്ന ടോളമിയുടെ ഗ്രനഥത്തില്‍ കേരളത്തിലെ നദികളേയും തുറമുഖങ്ങളേയും കടലോര നഗരങ്ങളേയുംക്കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. ഇതില്‍ പറയുന്ന 'ശെനെ' എന്ന സ്ഥലം ചേന്ദമംഗലമാണെന്ന് കരുതപ്പെടുന്നു.
കോട്ടയില്‍ കോവിലകത്തെ കുന്നിന്‍ ചരിവിലുളള ഗുഹ ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നാണു കേട്ടുകേള്‍വി. എന്നാല്‍ ഇതിനു ചരിത്രപരമായ തെളിവുകള്‍ ഇല്ല എന്നു പറയപ്പെടുന്നു. 1789 ഡിസംബര്‍ 29നാണു ടിപ്പു തിരുവതാംകൂറിനെതിരെ പട നീക്കം നടത്തിയത്‌. 1790 ഏപ്രില്‍ 12നു നടത്തിയ ആക്രമണത്തില്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ ചേന്ദമംഗലം എന്നീ പ്രദേശങ്ങള്‍ കീഴടക്കി ആലുവാപ്പുഴയുടെ തീരം വരെയെത്തി.ഈ സമയത്ത്‌ ടിപ്പുവിന്റെ സൈന്യം ഈ ഗുഹ ഉപയോഗിച്ചിരിക്കാം. അപ്പോള്‍ ആരായിരിക്കാം ഈ ഗുഹ നിര്‍മ്മിച്ചത്‌?

പാലിയം ശാസനങ്ങള്‍
പാലിയം തറവാട്ടില്‍നിന്നും ലഭിച്ച രണ്ടു ശാസനങ്ങളാണു ഈ പേരില്‍ അറിയപ്പെടുന്നത്‌.ഒന്നാമത്തെ ശാസനത്തിന്റെ കാലം ഏഡി 926ആണു എന്നു കണക്കാക്കപ്പെടുന്നു.സംസ്കൃതവും തമിഴുമാണു ഇതിലെ ഭാഷ. രണ്ടാമത്തെ ശാസനം 1663 മാര്‍ച്ച്‌ 22നാണു. ഇതു
വട്ടെഴുത്തിലാണു എഴുതപ്പെട്ടിരിക്കുന്നത്‌. രാജ്യരക്ഷക്കുള്ള കരാറാണു ഇതിലെ വിഷയം.

പെരിയാര്‍

ഏഡി 1341ല്‍ പെരിയാറിലുണ്ടായ ശക്തിയായ വെള്ളപ്പൊക്കത്തിലാണു ഇന്നത്തെ കൊച്ചി തുറമുഖം രൂപപ്പെട്ടതും കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞതും. ഈ വെള്ളപ്പൊക്കത്തില്‍ ചേന്ദമംഗലത്തിനും ചിലമാറ്റങ്ങള്‍ വന്നുകാണുമോ?

Friday, March 7, 2008

റാഷിദയുടെ കവിതകള്‍

രാത്രിയുടെ മനസ്സ്‌ ഓര്‍മ്മകളുടെ നിലാവാണു.

ഇരുട്ടിന്റെ മൌനത്തിനും ഉഷസ്സിന്റെ കുളിരിനും

ഇടയ്ക്കുള്ള നിനവുകളില്‍

പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന

ഓര്‍മ്മകളുടെ നിലാവ്‌.

ഈ വരികള്‍ എഴുതിയത്‌ ആധുനികതയുടേയൊ ഉത്തരാധുനികതയുടേയൊ ലേബലില്ലാത്ത റാഷിദ എന്ന വിദ്യാര്‍ഥിനിയാണു. ഈ കവിതകളില്‍ ജാടകളില്ല. റാഷിദയുടെ കവിതകള്‍ നിലാവായി ഹൃദയത്തില്‍ നിറയുന്നു. മഹാകവിപട്ടംകെട്ടിയ പലരും പടച്ചുവിടുന്ന 'വളിപ്പുകളുടെ' ഇടയില്‍ ഈ കവിതകള്‍ വലിയൊരു ആശ്വാസമാണു. ഈ കവിതകള്‍ പ്രസിദധപ്പെടുത്തിയ ഭാഷാപോഷിണിക്കും (ഡിസംബര്‍ ലക്കം) കവിതകള്‍ അയച്ചുകൊടുത്ത അരുണാദേവിടീച്ചര്‍ക്കും എം.എന്‍.കാരശ്ശേരിക്കും നന്ദി. 'ഒരു പത്തിരി വട്ടത്തില്‍ ജീവിച്ച്‌ മരിക്കാന്‍' ഇഷ്ടപ്പെടുന്ന റാഷിദയില്‍നിന്ന് കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു.

Thursday, March 6, 2008

ഇതാണോ വികസനം?

വികസനം എന്നു ആലോചിക്കുന്‍ബോള്‍ തന്നെ നമ്മുടെയെല്ലാം മനസ്സില്‍ ആദ്യം വരുന്നതു വങ്കിട ഫാക്റ്ററികളും ഷോപ്പിംഗ്‌ സമുച്ചയങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളുമാണു. ഇതെല്ലാം ഇല്ലെങ്കില്‍ എന്തു വികസനം? ജനം വോട്ടു ചെയ്യുന്നതുതന്നെ ഈ വികസന മാത്രുക മനസ്സില്‍ കണ്ടുകോണ്ടാണു. ഈ വിധത്തിലുള്ള വികസന വികസന പ്രവര്‍ത്തനങ്ങളിലൂടെ നാമെന്താണു നേടുന്നത്‌? നമ്മുടെ പ്രക്രിതിയേയും ആ പ്രകൃതിയൊട്‌ ഇണങ്ങി ജീവിക്കുന്ന ജനങ്ങളേയും ആട്ടിയൊടിക്കുക. ശക്തമായ കാര്‍ഷിക വ്യവസ്ത ഇല്ലെങ്കില്‍ ഒരു രാജ്യത്തിനും നിലനില്‍പ്പില്ല എന്ന സത്യം നമ്മള്‍ മറക്കുന്നു. നമ്മുടെ കൊച്ചു കേരളം തന്നെ ഏെററവും നല്ല ഉദാഹരണം. ഉപ്പുതൊട്ടു കല്‍പ്പൂരം വരെ നമുക്കു അന്ന്യ സംസ്ഥാനങ്ങളെ ആശറയിക്കണം. അരി തന്നെ നമ്മുടെ ഭകഷണക്രമത്തില്‍ നിന്നും മാറേറണ്ടിവരുമെന്ന അവസ്ത വിദൂരമല്ല. വയലില്ലെങ്കിലും ഫ്ലാറ്റുണ്ടല്ലൊ? ഏന്താണു പരിഹാരം? സാമ്രാജ്യത്തം മുതലാളിത്തം അധിനിവേശം മുന്നണി ഭരണങ്ങള്‍ ഇങ്ങനെ പല വേഷങ്ങളും നമുക്കു ചുറ്റും തകര്‍തതാടുന്ന ഈ കാലഘടടത്തില്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കണം എന്നതുതന്നെ ചിന്തിപ്പിക്കുന്ന വിഷയമാകുന്നു.

ഒരു നാളുമെത്താത്ത

വാഗദത്തഭൂവിലേ-

ക്കെരിപൊരിക്കൊള്ളുമീ

മരുവിലൂടെ

വെറുതേ നടത്തിയോര്‍

തന്നുടെ യോര്‍മകള്‍-

ക്കൊരു ചിതകൂട്ടി

സതുതി പറയന്റാം!

(ഒ.എന്‍.വി.)

എന്നു നമുക്കു ശേഷം വരുന്ന തലമുറക്കും നമ്മളെ നോക്കി പറയേണ്ടി വരുമോ!