Wednesday, April 30, 2008

വികസനത്തിന്റെ ഇരകള്‍?

നെറ്റില്‍നിന്നും കിട്ടിയ ഭോപ്പാല്‍ പീഡിതരുടെ ചില ചിത്രങ്ങള്‍.....
കോപ്പിറൈറ്റ്‌ അവകാശികള്‍ക്ക്‌ നന്ദി!!!

















































































Monday, April 21, 2008

മാ നിഷാദാ


ആസ്സാമിലെ കാസിരംഗ നാഷണല്‍ പാര്‍ക്ക്‌ വേട്ടക്കാരുടെ പറുദീസയാണു. കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ ഇരുപത്തിനാലു കാണ്ടാമൃഗങ്ങളെയെങ്കിലും കൊന്നുകാണുമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ജനുവരിയില്‍ വേട്ടക്കാര്‍ വെടിവെച്ചുവീഴ്ത്തി കൊമ്പ്‌ അറുത്തെടുത്ത ഒരു പാവം മൃഗത്തിന്റെ ദയനീയതയാണു ചിത്രത്തില്‍ കാണുന്നത്‌. ചിത്രത്തിലുള്ള തള്ളയുടേയും അതിന്റെ കുഞ്ഞിന്റേയും കൊമ്പുകള്‍ 4.7 ലക്ഷത്തിനാണു വേട്ടക്കാര്‍ വിറ്റത്‌. വെറ്റിനറി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചിട്ടും തള്ളയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പാവം ഈ മിണ്ടാപ്രാണികള്‍ അറിയുന്നുണ്ടോ മനുഷ്യന്റെ ക്രൂരതയ്ക്കും സ്വാര്‍ഥതയ്ക്കും അതിരില്ലെന്ന്?

Thursday, April 17, 2008

കെടാമംഗലം ഇനിയും 'ഉണ്ടാകേണ്ടതിന്റെ' ആവശ്യം അഥവാ ചിന്തകള്‍

പി.കൃഷ്ണനുണ്ണി


കെടാമംഗലം കഥാവശേഷനായെങ്കിലും അദ്ദേഹത്തിന്റെ കഥകള്‍, അവ പറഞ്ഞിരുന്ന ഇടങ്ങളും വഴികളും, ആ ശബ്ദവും വാക്കുകളും കെടാവിളക്കുകളായി ജ്വലിച്ചു നില്‍ക്കുന്നു. എണ്‍പതുകളില്‍, ചേന്ദമംഗലത്ത്‌ അദ്ദേഹം അവതരിപ്പിച്ച കഥയാണു 'ദ ഗില്ലറ്റ്‌'. ഫ്രഞ്ച്‌ വിപ്ലവത്തെ ആസ്പദമാക്കിയുള്ള ആ കഥയിലെ കഥാപാത്രങ്ങളോരോന്നും അദ്ദേഹത്തിന്റെ ശൈലിയിലൂടേയും പിന്നണി ഗായകരുടേയും വാദ്യോപകരണങ്ങളുടെ കൊഴുപ്പിലൂടേയും അമ്പലമുറ്റത്ത്‌ പുനര്‍ജനിക്കുകയായിരുന്നു. ആ കഥ കാലികമായി അന്വേഷിച്ചിരുന്നത്‌ വിപ്ലവത്തിന്റെ സാധുതയെക്കുറിച്ചായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക്‌ ശേഷമുള്ള നക്സല്‍ കാലഘട്ടത്തില്‍ അത്തരമൊരു അന്വേഷണത്തിനു വലിയ പ്രസക്തിയുണ്ടായിരുന്നു. ഫ്രാന്‍സിലെ കുതിര വണ്ടികളുടേയും റൊട്ടിക്കാരന്റേയുമെല്ലാം ചിത്രങ്ങള്‍ സദാനന്ദന്റെ വാക്കുകളിലൂടെ കണ്മുന്നിലേയ്ക്ക്‌ കടന്നെത്തുമ്പോള്‍, അവയുടെ ശബ്ദ സാക്ഷാത്ക്കാരം മോഹനന്റെ ഹാര്‍മോണിയത്തില്‍ നിറഞ്ഞു നിന്നിരുന്നത്‌ ഓര്‍മ്മ വരുന്നു. "ആരോമലേ...അനശ്വര പ്രേമത്തിന്‍ ആരാധ്യ ദേവത നീ"യെന്ന ആവര്‍ത്തിച്ചുവരുന്ന ആ സംഗീതം ആ കഥ കേട്ടവരെയെല്ലാം പ്രണയത്തിന്റേയും ലോഭത്തിന്റേയും അനന്ത സീമകളിലേയ്ക്ക്‌ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
കെടാമംഗലത്തിന്റെ മറ്റൊരു പ്രിയപ്പെട്ട കഥയായ 'ഉണ്ണിയാര്‍ച്ച'യില്‍ അദ്ദേഹം പാടി: പാലില്‍ കലക്കിയ പഞ്ചസാര / മാറ്റി കലക്കാമോ കുഞ്ഞികന്നീ'യെന്ന്. ഓരോ വരിയിലും ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ അനശ്വര തിളക്കങ്ങള്‍ നിറയുമ്പോള്‍, വികാരങ്ങള്‍ക്കൊപ്പം വിചാരങ്ങളുടേയും താക്കോല്‍ കൂട്ടങ്ങള്‍ അദ്ദേഹം ശ്രോതാക്കള്‍ക്ക്‌ നല്‍കാറുണ്ട്‌.
അവസാനം, രണ്ട്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ അദ്ദേഹം 'വ്യാസന്റെ ചിരി' എന്ന കഥ പറഞ്ഞു. കഥാപ്രസംഗവേദിയില്‍ നിന്നുള്ള വിടവാങ്ങലായിരുന്നു ആ കഥ. കണ്ണീരോടെ (ചുടുകണ്ണീരോടെ) ആ കഥ കേട്ടവര്‍ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ വാങ്ങുവാനായെത്തി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകരും വാദ്യക്കാരുമെല്ലാമായിരുന്നു ആ കഥ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്‌.
കെടാമംഗലം അംഗീകാരങ്ങള്‍ക്കായി കച്ചകെട്ടിയിറങ്ങിയിരുന്നില്ല. ദേശീയ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. ഒരര്‍ഥത്തില്‍ നാടകവും റഷ്യന്‍ ബാലെയും കഴിഞ്ഞാല്‍, ലോകത്തില്‍ ആശയങ്ങള്‍ ഇത്രയധികം പ്രവഹിച്ച ഒരു കഥാരൂപം കഥാപ്രസംഗം മാത്രമായിരുന്നു. അദ്ദേഹം വാര്‍ത്തെടുത്ത അനേകം തലമുറകള്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. സിനിമാരംഗത്ത്‌ മാത്രം നിലയുറപ്പിക്കാതെ, തന്റെ ദൌത്യം ഇതാണെന്ന് മനസ്സിലാക്കിയ ഈ മഹാനുഭാവനു കക്ഷി-രാഷ്ട്രിയ ഭേദങ്ങളില്ലാത്ത വലിയ സൌഹൃദങ്ങളും ബന്ധങ്ങളുമുണ്ടായിരുന്നു. ഒരിക്കല്‍ കുട്ടിയായിരുന്ന എന്നെ ചേര്‍ത്തുപിടിച്ച്‌ അദ്ദേഹം പറഞ്ഞു: 'നീയും കഥ പറയണം'.
കഥ പറയുന്നവരുടേയും കേള്‍ക്കുന്നവരുടേയും കാലങ്ങള്‍ക്കും മാറ്റമുണ്ടായി. ചരിത്രങ്ങള്‍ക്കുള്ളില്‍ അപ-ചരിത്രങ്ങളുടെ സ്ഫോടനങ്ങളുണ്ടാകുമ്പോള്‍, ജനങ്ങളെ ഹൃദയത്തിലേക്കെടുത്ത്‌ താലോലിക്കുന്ന കഥകളുണ്ടാകുന്നതെങ്ങനെ? ഉത്തരം നമുക്ക്‌ കെടാമംഗലം സദാനന്ദനോടുതന്നെ ചോദിക്കാം.

Wednesday, April 16, 2008

കെടാമംഗലം സദാനന്ദന്‍


ക്ഷേത്രമുറ്റങ്ങളില്‍ നടന്നിരുന്ന ഹരികഥയെ ജനകീയവല്‍ക്കരിച്ച്‌ കഥാപ്രസംഗമെന്ന കലാരൂപമാക്കിയവരില്‍ പ്രമുഖനായിരുന്നു, ഞായറാഴ്ച അന്തരിച്ച കെടാമംഗലം സദാനന്ദന്‍. സില്‍ക്ക്‌ ജുബ്ബ ധരിച്ച്‌, ജുബ്ബയുടെ കൈ ചുരുട്ടി വച്ച്‌ മൈക്കിനു മുന്‍പില്‍ നില്‍ക്കുന്ന കെടാമംഗലത്തിന്റെ രൂപം ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പുരോഗമന ആശയങ്ങളുടെ തുടിപ്പും ഭാഷാശുദ്ധിയും അദ്ദേഹത്തിന്റെ കഥാപ്രസംഗത്തിന്റെ മുഖ്യ സവിശേഷകളായിരുന്നു. പതിനയ്യായിരത്തിലധികം വേദികളിലായി നാല്‍പ്പത്തൊന്ന് കഥകള്‍ - ഇതൊരു അപൂര്‍വ്വ നേട്ടം തന്നെ. ചേന്ദമംഗലം ക്ഷേത്രപരിസരത്ത്‌ അദ്ദേഹം പറഞ്ഞ ഗില്ലറ്റ്‌, ഭരതന്‍സാര്‍ രചിച്ച ഫ്രഞ്ച്‌ വിപ്ലവത്തിന്റെ കഥ, മറക്കുവാന്‍ കഴിയാത്ത അനുഭവമായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതല്‍ അവതരിപ്പിച്ച കഥയായിരുന്നു രമണന്‍. സകലകലാവല്ലഭന്‍ എന്ന പേരിനര്‍ഹിക്കുന്ന ഒരു കലാകാരനായിരുന്നു കെടാമംഗലം. പാട്ട്‌, അഭിനയം, കഥപറയല്‍, കവിതാരചന, കഥാരചന, നൃത്തം, തിരക്കഥ, സംഭാഷണം എന്നീ എല്ലാ രംഗങ്ങളിലും അദ്ദേഹം നിറഞ്ഞ്‌ നിന്നിരുന്നു.

ആ മഹാനായ കലാകാരനു ആദരാഞ്ജലികള്‍!

Sunday, April 13, 2008

വിഷു


വന്നണയുന്ന വിഷുവിനണിയുവാന്

‍കൊന്ന മലര്‍പ്പൂങ്കുലയറുത്തീടവേ, (പി)


ഇത്തവണ വിളവെടുപ്പ്‌ ആഘോഷിക്കുവാന്‍ കര്‍ഷകര്‍ക്കാവില്ല. മീനത്തില്‍ പെയ്ത മഴ കര്‍ഷകരെ മുടിപ്പിച്ചു. (മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും). പഴഞ്ചൊല്ല് പ്രകാരം 'നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യണ്ട' എന്നാണു. വിശദമായി പറഞ്ഞാല്‍ വിത്ത്‌, കാള (യന്ത്രം?) പണം, പണിക്കാര്‍, എന്നിവയില്ലാത്തവര്‍ കൃഷി ചെയ്താല്‍ നഷ്ടം തന്നെ.


ആശകള്‍ കൊഴിഞ്ഞാലും

പിന്നേയും വിരിഞ്ഞീടു-

മാശകള്‍ മനോജ്ഞമായ്‌

മാനസ ലതികയില്

‍നിത്യമീ പ്രവണത-

തന്നെയാണല്ലോ ശ്രീമന്

‍മര്‍ത്യജീവിതം പുരോ-

ഗമിക്കാന്‍ പ്രേരിപ്പിപ്പൂ. (എം.പി.അപ്പന്‍)

Monday, April 7, 2008

ഭോപ്പാലിലെ ജീവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട 'പീഡിതര്‍'


ഭോപ്പാല്‍ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ ഭോപ്പാലില്‍നിന്നും 800 കിലോമീറ്റര്‍ പദയാത്രയായാണു ദില്ലിയിലെത്തിയത്‌. ഇതില്‍ കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെയുണ്ട്‌. 2006ലും ഇവര്‍ പദയാത്രയായി വന്ന് പ്രധാനമന്ത്രിയ്ക്‌ നിവേദനം കൊടുത്തിരുന്നു. ഫാക്ടറി പരിസരത്തുനിന്നും രാസമാലിന്യങ്ങള്‍ നീക്കം ചെയ്യുക, ശുദ്ധജലം ലഭ്യമാക്കുക, യൂണിയണ്‍ കാര്‍ബൈഡിന്റെ ഇന്നത്തെ ഉടമകളായ 'ഡൌ'വിനെതിരെ നടപടി എടുക്കുക ഇത്രയൊക്കെയായിരുന്നു ആവശ്യങ്ങള്‍. പ്രധാനമന്ത്രി അന്ന് തലകുലുക്കിയെങ്കിലും ഒന്നും നടന്നില്ല. പുനരധിവാസ നടപടികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രിയില്‍നിന്ന് ഉറപ്പ്‌ ലഭിച്ചിട്ടേ ഇത്തവണ തിരിച്ചുപോകൂ എന്ന് ഇവരുടെ സംഘടന പറയുന്നു.


5000 ടണ്ണില്‍ കൂടുതല്‍ രാസമാലിന്യങ്ങളാണു ഫാക്ടറി പരിസരത്ത്‌ കുഴിച്ചിട്ടിട്ടുള്ളത്‌. ഇതുമൂലം മണ്ണും ജലവും മലിനമായിക്കൊണ്ടേയിരിക്കുന്നു. വിഷവാതകം ശ്വസിച്ച്‌ (1984 ഡിസംബര്‍ 2) 15000 ആളുകളെങ്കിലും മരിച്ച്‌ കാണും എന്ന് കരുതുന്നു. കമ്പനിയുടെ കണക്കില്‍ സംഖ്യ വെറും 3000 ആണു. അന്നുമരിച്ചവര്‍ ഭാഗ്യവാന്മാരാണെന്ന് ജീവിച്ചിരിക്കുന്നവര്‍ പറയുന്നു. ഇവര്‍ക്ക്‌ ശാരീരിക അസ്വസ്ഥതകള്‍ കാരണം അധ്വാനിച്ച്‌ ജോലിചെയ്യുവാന്‍ വയ്യ. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ആരും വിവാഹം ചെയ്യില്ല. ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍, ആര്‍ത്തവ വിരാമം, ഗര്‍ഭം ധരിക്കാതിരിക്കുക, ഗര്‍ഭച്ഛിദ്രം, വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുക ഇതെല്ലാം ഇവര്‍നേരിടുന്ന ആരോഗ്യപ്രശനങ്ങളില്‍ ചിലതാണു. ദുരന്തത്തിനുശേഷം ജനിച്ചവരൊന്നും സര്‍ക്കാര്‍ രേഖകളില്‍ പീഡിതര്‍ അല്ല. 25000 ജനങ്ങളില്‍ കൂടുതല്‍ വിഷലിപ്തമായ വെള്ളമാണു കുടിക്കുന്നത്‌. കാന്‍സര്‍, ജനനവൈകല്യങ്ങള്‍, തലച്ചോറിനു സംഭവിക്കുന്ന വൈകല്യങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക്‌ കാരണം വിഷലിപ്തമായ വെള്ളമാണു. അമ്മമാരുടെ മുലപ്പാലില്‍ ക്ലോറോഫാം, മെര്‍ക്കുറി, ലെഡ്‌ തുടങ്ങിയ മാരക പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന് ഇതിനെക്കുറിച്ച്‌ പഠനം നടത്തിയ 'ഗ്രീന്‍പീസ്‌' റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെ കുട്ടികള്‍ക്ക്‌ സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ചിട്ടുണ്ട്‌.
ഒരു ഇന്ത്യക്കാരനു 500 ഡോളറിന്റെ പോലും വില കല്‍പ്പിക്കാത്ത ഡൌ കമ്പനി ഇന്ന് കേന്ദ്രസര്‍ക്കാരിന്റേയും പല സംസ്ഥാന സര്‍ക്കാരുകളുടേയും (പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ) ഏറ്റവും വേണ്ടപ്പെട്ട മൂലധന നിക്ഷേപകരില്‍ ഒന്നാണു. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷവും ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ ഇന്ന് മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തയല്ല! ഡൌവിന്റെ വാഗ്ദാനങ്ങളില്‍ കണ്ണ്‍ മഞ്ഞളിച്ചിരിക്കുന്ന ഭരണാധികാരികള്‍ക്കാകട്ടെ ഭോപ്പാല്‍ പീഡിതരുടെ ദുരിതങ്ങള്‍ക്ക്‌ ഒരു പ്രാധാന്യവുമില്ല!

Thursday, April 3, 2008

നമ്മള്‍ക്ക്‌ എന്ത്‌ പറ്റി?






സര്‍ക്കാര്‍ കണക്ക്‌ പ്രകാരം കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങളില്‍ എഴുപത്ശതമാനത്തിനും കാരണം മദ്യപാനമാണു. മദ്യഷാപ്പുകള്‍ തുറക്കാത്ത ദിവസങ്ങളില്‍ അപകടങ്ങളും കുറയുന്നു. 'അല്‍പം അടിച്ചിട്ട്‌' അമ്മയേയും ഭാര്യയേയും കുട്ടികളേയും തല്ലുവാന്‍ പണ്ടേ നമുക്ക്‌ സ്വ്യാതന്ത്ര്യമുണ്ട്‌. പല കാര്യങ്ങളിലും നമ്മള്‍ ദേശീയതലത്തില്‍ ഒന്നാമതാണു. ആത്മഹത്യാനിരക്കില്‍ ദേശീയനിരക്കിനേക്കാള്‍ ഇരട്ടിയാണു നമ്മുടെ നേട്ടം. അന്‍പത്‌ ശതമാനം ആത്മഹത്യകളുടെ പിറകിലും വില്ലന്‍ മദ്യം തന്നെ. ആത്മഹത്യ കൂടാതെ സാക്ഷരത, മദ്യപാനം, തൊഴിലില്ലായ്മ എന്നീ മേഖലകളിലും നമ്മള്‍ ഒന്നാമതാണു. അരിക്കു ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നമ്മള്‍ മദ്യത്തിനു ചിലവാക്കുന്നുണ്ട്‌ എന്നു അഭിമാനപൂര്‍വ്വം പറയാം! തൊഴിലില്ലെങ്കിലും അല്‍പം മോന്തുവാനുള്ള വക ജനത്തിനു എങ്ങിനെയെങ്കിലും തടയും എന്നാണു സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള കാരണം. ഓണമായാലും ക്രിസ്തുമസ്സ്‌ ആയാലും മദ്യമില്ലെങ്കില്‍ എന്താഘോഷം? മാവേലിയേയും മനുഷ്യപുത്രനേയും വരവേല്‍ക്കാന്‍ ഒരു ധൈര്യം വേണ്ടേ? കഴിഞ്ഞ ഓണക്കാലത്ത്‌ നൂറ്റന്‍പത്‌ കോടി രൂപയുടെ മദ്യമെങ്കിലും നമ്മള്‍ സേവിച്ച്‌ കാണുമെന്ന് കണക്കുകള്‍ പറയുന്നു. നമ്മള്‍ അല്‍പം അടിക്കുന്ന ഈ ശീലം കാരണം സര്‍ക്കാരിനു നികുതിയിനത്തില്‍ കിട്ടുന്നത്‌ 2500 കോടി രൂപയിലധികമാണു! സര്‍ക്കാരിനും വരുമാനം വേണ്ടേ?



സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സേവിക്കുവാന്‍ നമുക്ക്‌ മടിയാണു. ഒറ്റയ്ക്‌ ഒരു പെഗ്ഗ്‌ അടിക്കണമെങ്കിലും ബാറില്‍ തന്നെ പോകണം. കല്യാണമായാലും ഇരുപത്തെട്ടായാലും നാട്ടുകാരെ വിളിച്ച്‌ ഒന്നു കൂടിയില്ലെങ്കില്‍ അന്തസ്സ്‌ കുറയും. പുറം നാടുകളില്‍ അദ്ധ്വാനിച്ച്‌ പണമുണ്ടാക്കുന്ന നമ്മുടെ ബന്ധുക്കള്‍ കേരളത്തിലേയ്ക്കയക്കുന്ന ഭീമന്‍ തുകയുടെ (200 ബില്യണ്‍ രൂപ?) നല്ലൊരു ശതമാനം വിദേശമദ്യത്തിനായി ചിലവാക്കിയാണു അധ്വാനത്തിന്റെ മൂല്യം നമ്മള്‍ മനസ്സിലാക്കുന്നത്‌.നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെങ്കില്‍ മദ്യവിപത്തൊന്നും ഞങ്ങളുടെ വിഷയമല്ല എന്ന നിലയില്‍ മുന്നോട്ട്‌ പോകുകയാണു. ഹൈറുന്നീസമാരും മാണിച്ചന്മാരും രാഷ്ട്രീയക്കാരുടെ ഉറ്റ സുഹൃത്തുക്കളാണു. ഇവര്‍ വിചാരിച്ചാല്‍ ഐജിയുടെ വരെ തൊപ്പി തെറിക്കും!



സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് കുടിയന്മ്മാരുടെ രാഷ്ട്രീയ ചേരിതിരുവ്‌ മനസ്സിലാക്കുവാന്‍ സാധ്യമല്ല. ഇതില്‍ ആര്‍.എസ്സ്‌.എസ്സ്‌ കാരും സഖാക്കളും ഖദര്‍ധാരികളും ഉള്‍പ്പെടുമെന്ന് നമുക്ക്‌ ഉൂഹിക്കാം. ഈ സത്യമറിയാവുന്നതുകൊണ്ടാണു വിജയന്‍ സഖാവ്‌ കോട്ടയം സമ്മേളനത്തില്‍ സ്വന്തം സഖാക്കളോട്‌ വെള്ളമടിച്ചാല്‍ വയറ്റികിടക്കണം എന്ന് പറഞ്ഞത്‌.



ആധുനിക ജീവിത രിതികള്‍ മൂലമുള്ള സംഘര്‍ഷമാണു മദ്യപാനത്തിലേയ്ക്‌ നയിക്കുന്നത്‌ എന്നൊരു വാദമുണ്ട്‌. അപ്പോള്‍ മെട്രോപോളിറ്റന്‍ സംസ്ക്കാരം ഇല്ലാത്ത ഗ്രാമങ്ങളില്‍പോലും മദ്യപാന ശീലം കൂടുന്നതോ?നമ്മള്‍ക്ക്‌ എന്ത്‌ പറ്റി? പ്രതീക്ഷകളും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതുമൂലമുള്ള നിരാശയാണോ ഒരു ജനതയെ ആത്മഹത്യയിലേയ്ക്കും മദ്യപാനത്തിലേയ്ക്കും ലഹരിമരുന്നുകളിലേയ്ക്കും നയിക്കുന്നത്‌? അല്ലെങ്കില്‍ പ്രതീക്ഷകളുടെ ലോകത്തേയ്ക്കുള്ള ഒരു കുറുക്കുവഴിയാണു മദ്യപാനം എന്ന് കരുതുന്നതുകൊണ്ടോ? കൃത്യമായ ഉത്തരമോ പോംവഴിയോ ഇല്ലാത്തതുകൊണ്ട്‌ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞ്‌, ഉപഭോഗ സംസ്ക്കാരത്തിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കി, വികസന സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിച്ചുകൊണ്ട്‌ നമുക്ക്‌ ജീവിക്കുവാന്‍ ശ്രമിച്ചുകൂടെ?