Friday, May 16, 2008

വേര്‍ഡ്പ്രസ്സ്‌ കീ ജയ്‌!!!

ചില സാങ്കേതികവും പ്രായോഗികവുമായ കാരണങ്ങളാല്‍ നിഷേധി വേര്‍ഡ്പ്രസ്സിലേയ്ക്ക്‌ മഞ്ചം മാറ്റുകയാണു.
പുതിയ ലിങ്ക്‌ :

http://nishedhi.wordpress.com

ഇത്‌ ഇവിടെയൊരു സ്മാരകശിലയായി കിടക്കട്ടെ!

Tuesday, May 13, 2008

പാതാളലോകം


ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജാവായിരുന്ന മഹാബലിയെ ഇന്ദ്രനുവേണ്ടി കരിങ്കാലിപ്പണിചെയ്ത വാമനന്‍ പാതാളത്തിലേയ്ക്‌ ചവുട്ടിതാഴ്ത്തി എന്ന് ഐതിഹ്യം. ഓണത്തിന്റെ ഓര്‍മ്മകളോടൊപ്പം അന്നുതൊട്ട്‌ പാതാളലോകവും നമ്മളോടൊപ്പമുണ്ട്‌.

പിന്നെ, സ്കന്ദപുരാണത്തില്‍ പാതാളവുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്‌. അയോദ്ധ്യ ഭരിച്ചിരുന്ന ഋതുപര്‍ണ്ണന്‍ എന്ന രാജാവ്‌ നാഗരാജാവിന്റെ സഹായത്തോടെ പാതാളലോകത്ത്‌ എത്തിച്ചേര്‍ന്നെന്നും അവിടെ മുപ്പത്തിമൂന്ന് കോടി ദേവിദേവന്മാരെ കണ്ടുവെന്നും കഥ. ഇവിടെ പറയുന്ന പാതാളലോകം 'പാതാള്‍ഭുവനേശ്വര്‍' എന്ന ഉത്തരാഞ്ചലിലെ ഗുഹയാണെന്നാണു വിശ്വാസം. ഋതുപര്‍ണ്ണന്റെ സന്ദര്‍ശനത്തിനു ശേഷം ഈ ഗുഹ എന്നേയ്ക്കുമായി അടഞ്ഞുവെന്നും പിന്നീട്‌ ശ്രീശങ്കരാചാര്യരാണു വീണ്ടും ഈ ഗുഹ കണ്ടെത്തിയതെന്നും പുരാണം!

പാതാളലോകത്തെപറ്റി ഗൌരവമായി വായിച്ച്‌ തുടങ്ങിയത്‌ എം.കെ. രാമചന്ദ്രന്‍ പാതാള്‍ഭുവനേശ്വര്‍ സന്ദര്‍ശനത്തെപറ്റി ഭാഷാപോഷിണിയില്‍ (ആഗസ്ത്‌ 2006) എഴുതിയത്‌ വായിച്ചപ്പോഴാണു. അപ്പോഴാണു പാതാളലോകം വെറുമൊരു പുരാണസങ്കല്‍പ്പമല്ലെന്ന് മനസ്സിലായത്‌.

മിഷേല്‍ ബേയ്ക്കന്റെ The Jesus Papers‌ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇറ്റലിയില്‍ നേപ്പിള്‍സ്‌ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ബഇയ എന്ന സ്ഥലത്തുള്ള ഒരു തുരങ്കത്തില്‍ സാഹസികമായി പ്രവേശിച്ചതിനെപ്പറ്റി വിവരിക്കുന്നുണ്ട്‌. ഈ തുരങ്കം 2600 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിമ്മിച്ചതാകാം എന്ന് പറയപ്പെടുന്നു. പാതാളലോകത്തിലെ രഹസ്യങ്ങളുമായി അടുത്തറിയുന്നതിനുള്ള ആചാരനുഷ്ടാനങ്ങള്‍ക്കാണു ഈ സങ്കേതം ഉപയോഗിച്ചിരുന്നത്‌ എന്നാണു ഊഹം. ചില അജ്ഞാത കാരണങ്ങളാല്‍ സീസറിന്റെ കാലഘട്ടത്തില്‍ അടയ്ക്കപ്പെട്ട ഈ തുരങ്കം രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം 1962 ലാണു വീണ്ടും കണ്ടെത്തിയത്‌.

മേഘാലയത്തിലെ ജെയിന്‍-തിയാ കുന്നുകളില്‍ കണ്ടെത്തിയിട്ടുള്ള പ്രകൃതിനിര്‍മ്മിതമായ ഗുഹകള്‍ ഭൂവിജ്ഞാന മേഖലയിലെ നിരവധി രഹസ്യങ്ങളുടെ കലവറയാണെന്ന് പറയപ്പെടുന്നു. സൂര്യപ്രകാശം കടന്നുചെല്ലാത്ത ഈ ഗുഹകളില്‍ അരുവികളും പുഴകളും വെള്ളച്ചാട്ടങ്ങളുമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. മേഘാലയത്തില്‍ മത്രമായി ആയിരത്തില്‍ കൂടുതല്‍ ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ജൈവവൈവിധ്യത്താല്‍ സമൃദ്ധമായ ഈ ഗുഹകളില്‍ പല വിധത്തിലുള്ള ജീവികള്‍ സുഖമായി കഴിയുകയാണു. പിഞ്ഞാണത്തിന്റെ വലിപ്പമുള്ള എട്ടുകാലി, പഴുതാര, തേരട്ട, അരണ, ഞണ്ട്‌, ചെമ്മീന്‍, അല്‍ബിനോ മത്സ്യം, വവ്വാല്‍, ഇവയെല്ലാം അധികം മനുഷ്യശല്യമില്ലാതെ ഇതുവരെ കഴിഞ്ഞ്‌ കൂടി. കണ്ണുകളില്ലാത്ത ഈ ജീവികള്‍ ആന്റനകളുടെ സഹായത്തോടെയാണു സഞ്ചരിക്കുന്നത്‌. മേഘാലയത്തില്‍ നടക്കുന്ന വ്യാപകമായ കല്‍ക്കരി ഖനനങ്ങള്‍ മൂലം പല ഗുഹകളും നശിച്ചികൊണ്ടിരിയ്ക്ക്ക്കുകയാണു. ഈ പ്രദേശത്ത്‌ മാത്രമായി നാല്‍പത്‌ ദശലക്ഷം ടണ്ണിന്റെ കല്‍ക്കരി ശേഖരമുണ്ടെന്ന് പറയപ്പെടുന്നു. അപ്പോള്‍ പിന്നെ നമ്മള്‍ ഈ പ്രദേശത്തെ വെറുതെ വിടുന്ന പ്രശ്നമുണ്ടോ? മുപ്പത്‌ കിലോമീറ്റര്‍ നീളമുള്ള, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഈ ഗുഹാനിരകള്‍ ഖനങ്ങള്‍ മൂലം ഭീഷണി നേരിടുകയാണു.

പാതാളലോകത്തെക്കുറിച്ച്‌ അറിയുമ്പോള്‍ നമ്മുടെ അത്ഭുതം കൂടുകയാണു. നമ്മള്‍ പുരാണങ്ങളില്‍ കേട്ടിട്ടുള്ള പാതാളലോകം യതാര്‍ഥത്തില്‍ നിലനിന്നിരുന്നുവോ? ശ്രീ രാമചന്ദ്രന്റെ അഭിപ്രയത്തില്‍ 'ഭൂമിയ്ക്കടിയിലെവിടെയോ ഒരു ലോകം ഉണ്ടായിരുന്നുവെന്നും ഭൂചലനത്തിലോ വിഘടനത്തിലോപ്പെട്ട്‌ അതെല്ലാം നാമാവശേഷമായിരിക്കാമെന്നും കരുതുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു'. നമ്മള്‍ അറിയാത്ത എന്തെല്ലാം രഹസ്യങ്ങള്‍ ഇനിയും ഭൂമിയ്ക്കടിയില്‍ ഒളിച്ചിരിപ്പുണ്ടാകാം? അനുയോജ്യമായ നിമിഷങ്ങള്‍ക്ക്‌ വേണ്ടി ഈ രഹസ്യങ്ങള്‍ നമ്മളെ പ്രതീക്ഷിച്ചിരിയ്ക്കുകയാണോ?

Wednesday, May 7, 2008

BHAKSHYA PRATHISANDHI


എഴുപതുകളിലെ ഭക്ഷ്യക്ഷാമം ഓര്‍മ്മയുണ്ടോ? (യൂണികോഡിലേക്ക്‌ മാറ്റുമ്പോള്‍ ഭക്ഷ്യ എന്നാണു വരുന്നത്‌, ക്ഷമിക്കുക) അന്ന് റേഷന്‍ കടകളില്‍ അരിക്കും ഗോതമ്പിനും വേണ്ടി തിരക്കോട്‌ തിരക്കായിരുന്നു. കാര്‍ഡുടമയുടെ പേരു വിളിക്കുന്നതു കേള്‍ക്കാന്‍ ചുരുങ്ങിയത്‌ രണ്ട്‌ മണിക്കൂറെങ്കിലും ചുറ്റിപ്പറ്റി നില്‍ക്കണം. ഗോതമ്പ്‌ കിട്ടിയാല്‍ തന്നെ മില്ലിനു മുമ്പില്‍ വേറൊരു ക്യൂ. അന്നത്തെ പ്രധാന ഭക്ഷണത്തിലൊന്നായിരുന്നു ചപ്പാത്തിയും നാളികേരചട്ടിണിയും. (അന്ന് അറിഞ്ഞിരുന്നില്ല ചപ്പാത്തി ദിവസവും തിന്നേണ്ടി വരുമെന്ന്!) മെന്യു പുതുക്കാനും ചിലവ്‌ ചുരുക്കാനും വേണ്ടി കിഴങ്ങുപൊടിയുടെ പുട്ടും ഗോതമ്പ്‌ ദോശയും ഇടയ്ക്കിടയ്ക്ക്‌ അമ്മ ഉണ്ടാക്കുമായിരുന്നു. ഭക്ഷ്യ പ്രതിസന്ധിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ദിവസവും വായിക്കുമ്പോള്‍ ഇതെല്ലാം വീണ്ടും ഓര്‍മ്മവരുന്നു.

ആവശ്യസാധനങ്ങളുടെ വില ദിവസംതോറും കൂടികൊണ്ടിരിക്കുകയാണു. വിലവര്‍ദ്ധനമൂലം കഷ്ടപ്പെടുന്ന ജനങ്ങളോട്‌, വിലവര്‍ദ്ധനവിനു കാരണം കേന്ദ്രസര്‍ക്കാരാണെന്ന് സംസ്ഥാനങ്ങളും ആഗോളപ്രതിഭാസമാണെന്ന് കേന്ദ്രസര്‍ക്കാരും പറഞ്ഞ്‌ തങ്ങളുടെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞ്‌ മാറുവാന്‍ ശ്രമിക്കുകയാണു. സെനെഗല്‍, ഐവറികോസ്റ്റ്‌, ഈജിപ്ത്‌, കാമറൂണ്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ ഭക്ഷ്യലഹളകള്‍ തന്നെ നടന്നുകഴിഞ്ഞു.

കാലാവസ്ഥ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കൃഷിയ്ക്ക്‌ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ഉല്‍പ്പാദനത്തില്‍ വന്‍ തോതില്‍ കുറവുണ്ടാകുകയും ചെയ്തത്‌ ഭക്ഷ്യ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നാണു. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തിനു ഉപയോഗിച്ചിരുന്ന പാടശേഖരങ്ങളില്‍ ജൈവ ഇന്ധനത്തിനു വേണ്ട വിളകള്‍ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നത്‌ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു. പാവപ്പെട്ടവനു വിശപ്പടക്കുവാന്‍ ഭക്ഷണം ലഭിക്കാത്ത അവസ്ഥയുള്ളപ്പോള്‍ കാറോടിക്കുവാനുള്ള ജൈവ ഇന്ധന വിളകള്‍ക്കായി കൃഷിയിടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്‌ ഭയാനകമാണു.

നമ്മുടെ രാഷ്ട്രീയം അരിയിലാണല്ലോ? ലോക കമ്പോളത്തില്‍ അരിയുടെ വില കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു. ഫിലിപ്പൈന്‍സില്‍നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യമാണു ലോക കമ്പോളത്തില്‍ വില വര്‍ദ്ധനവിനു കാരണമെന്ന് പറയപ്പെടുന്നു. കേരളവും ഇന്നു ഈ അവസ്ഥ തന്നെയാണു നേരിടുന്നത്‌. നമ്മുടെ ആവശ്യത്തിനുള്ള അരി നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ആന്ധ്രയില്‍നിന്നുള്ള അരി വരവ്‌ കുറഞ്ഞപ്പോള്‍ ശരദ്‌ പവാറിന്റെ കാലുപിടിക്കേണ്ട ഗതികേടിലായി! ലോക കമ്പോളത്തില്‍ ഗോതമ്പ്‌ വിതരണത്തില്‍ രണ്ടാം സ്ഥാനത്താണു ആസ്ത്രേലിയ. അവിടെയുണ്ടായ വരള്‍ച്ചയാണു ലോകമെമ്പാടും ഗോതമ്പിന്റെ വില വര്‍ദ്ധനവിനു കാരണമായെതെന്ന് പറയുന്നു. ജനങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിച്ചതോടെ മാംസാഹാരത്തിന്റെ ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണു. മന്ത്രിമാര്‍ തന്നെ ഇത്തരമൊരു ലൈന്‍ ഉപദേശിച്ച്‌ തുടങ്ങിയത്‌ നമ്മള്‍ കണ്ടു. മാംസാഹാരത്തിന്റെ ഉപയോഗം കൂടിയപ്പോള്‍ ആടിനും കോഴിക്കുമെല്ലാം തീറ്റക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും ആവശ്യം കൂടി. മനുഷ്യനു കഴിക്കാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതിനേക്കാള്‍ ലാഭം ആടിനും കോഴിക്കും തിന്നാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതാണെങ്കില്‍ സ്വാഭാവികമായും കൃഷിക്കാര്‍ അതുതന്നെ ചെയ്യും. മനുഷ്യനാവശ്യമുള്ള ഭക്ഷ്യധാന്യങ്ങളുടെ കുറവിനു ഇതും ഒരു കാരണമാണു. ലോകകമ്പോളത്തില്‍ ക്രൂഡോയിലിന്റെ വില വര്‍ഷം തോറും വര്‍ദ്ധിച്ചികൊണ്ടിരിക്കുന്നതും വിലക്കയത്തിന്റെ കാരണങ്ങളിലൊന്നാണു. ഭക്ഷ്യക്ഷാമത്തിന്റെ വേറൊരു കാരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യകതയും സംഭരണവും തമ്മിലുള്ള അന്തരമാണു. ആഗോള നിലവാരത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ വളരെ കുറവാണു.

ഇപ്പോള്‍ നമ്മള്‍ നേരിടുന്ന ഭക്ഷ്യപ്രതിസന്ധി എഴുപതുകളില്‍ ലോകം നേരിട്ട ഭക്ഷ്യപ്രതിസന്ധിയേക്കാള്‍ ഭയാനകമാണെന്ന് പറയുന്നു. ഈ അവസ്ഥയില്‍ കാര്‍ഷിക മേഖലയിലും പൊതുവിതരണ രംഗത്തും സര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമാണു. ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി വര്‍ദ്ധിപ്പിച്ചും കൃഷിക്കാരില്‍നിന്ന് നേരിട്ട്‌ ധാന്യങ്ങള്‍ സംഭരിച്ചും പ്രത്യേക കര്‍ഷിക മേഖലകള്‍ രൂപീകരിച്ചും ചെറുകിട കൃഷിക്കാരെ പ്രൊത്സാഹിപ്പിച്ചും സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ ഇടപടേണ്ടതാണു. തൊണ്ണൂറുകള്‍ മുതല്‍ തുടര്‍ന്നുവരുന്ന തെറ്റായ വികസന നയങ്ങള്‍ മൂലം കാര്‍ഷിക മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപം കുറഞ്ഞ്‌ വരികയാണു. ജലസേചനത്തിനും കാര്‍ഷികാഭിവൃദ്ധിക്കും വേണ്ട മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തി കര്‍ഷകരുടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര കടമയാണു.

(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Food Outlook Report കാണുക)

Friday, May 2, 2008

ഞങ്ങള്‍ എവിടെ പോകും?













































പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, പറവകള്‍ക്ക്‌ ആകാശമുണ്ട്‌, മൃഗങ്ങള്‍ക്കോ? മനുഷ്യപുത്രന്‍ തലചായ്ക്കാനും, കീശ നിറയ്ക്കുവാനും വേണ്ടി കാടായ കാടൊക്കെ കൈയ്യേറിക്കൊണ്ടിരിയ്ക്കുമ്പോള്‍ മൃഗങ്ങളുടെ ദുരിതങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കും.
ആസ്സാമിലെ കര്‍ബി ആങ്ങ്‌ ലങ്ങ്‌ ജില്ലയിലെ ദല്‍ദോലി ഗ്രാമത്തില്‍ ട്രെയിന്‍ ഇടിച്ച്‌ മാരകമായി പരിക്കേറ്റ പിടിയാന 30 അടി താഴ്ചയിലുള്ള ചെളിക്കുണ്ടിലേയ്ക്കാണു തെറിച്ച്‌ വീണത്‌. അഞ്ച്‌ ദിവസത്തിനു ശേഷമാണു പരിശീലനം നേടിയ മറ്റാനകളുടെ സഹായത്തോടെ പരിക്കേറ്റ പിടിയാനയെ പുറത്തെടുക്കുവാന്‍ കഴിഞ്ഞത്‌! ട്രെയിന്‍ വരുന്നതു കണ്ട്‌ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടയിലാണു പിടിയാനയെ തീവണ്ടിയിടിച്ചത്‌. അഞ്ച്‌ ദിവസത്തെ യാതനകള്‍ക്ക്‌ ശേഷം, ചെളിയില്‍നിന്നും പുറത്തെടുത്ത്‌ ഒരുമണിയ്ക്കൂറിനുള്ളില്‍ പാവം ആന ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.