Tuesday, March 25, 2008

തസ്ലീമ നസറീന്‍



നാലുവര്‍ഷത്തെ ഇന്ത്യയിലെ ജീവിതം മതിയാക്കി തസ്ലീമ വീണ്ടും യൂറോപ്പിലേയ്ക്‌ മടങ്ങി. വളരെ പ്രതീക്ഷകളോടെയാണു അവര്‍ കല്‍ക്കത്തയിലേയ്ക്‌ വന്നത്‌. സ്വന്തം രാജ്യത്ത്‌ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ജനാധിപത്യ രാജ്യത്തിലും തന്നെ പിന്തുടരുന്നു എന്നത്‌ ഇപ്പോഴും അവര്‍ക്ക്‌ വിശ്വസിക്കുവാന്‍ പ്രയാസം. മുസ്ലീം സമുദായത്തിലെ ഒരുവിഭാഗം തസ്ലീമയ്ക്കെതിരെ കല്‍ക്കത്തയില്‍ തെരുവിലിറങ്ങിയപ്പോള്‍ വിപ്ലവഭരണകൂടം ഒന്നു ഞെട്ടി. നന്ദിഗ്രാമിനും സിങ്കൂരിനും ശേഷം വോട്ട്ബാങ്കുകളില്‍ വീണ്ടും ചോര്‍ച്ചയുണ്ടാകുന്നത്‌ എങ്ങനെ തടഞ്ഞുനിര്‍ത്താം എന്നതായിരുന്നു സഖാക്കളുടെ ചിന്ത. തസ്ലീമയ്ക്ക്‌ വിസ കൊടുത്തത്‌ കേന്ദ്രസര്‍ക്കരാണെന്നും ഇതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ്‌ യെച്ചൂരി സഖാവ്‌ ഒഴിഞ്ഞ്‌ മാറി. തൊമ്മന്‍ അഴഞ്ഞപ്പോള്‍ ചാണ്ടി മുറുകി! എം.എഫ്‌. ഹുസൈനെ ഇന്ത്യയില്‍ കാലുകുത്തുവാന്‍ അനുവദിക്കില്ല എന്നു പറയുന്നവര്‍ 'തസ്ലീമ ബെന്‍' നെ ഹൈന്ദവപറുദീസയിലേയ്ക്‌ ക്ഷണിക്കുവാന്‍ മറന്നില്ല! ഈ വരുന്ന മെയ്‌ ജൂണ്‍ മാസങ്ങളില്‍ ബംഗാളില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മുസ്ലീം സഹോദരങ്ങളുടെ വോട്ട്‌ നേടിയാലെ ഇടതിനും കോണ്‍ഗ്രസ്സിനും ഭരണം ഉറപ്പിക്കുവാന്‍ പറ്റു. അതിനുശേഷം ലോകസഭാ തിരഞ്ഞെടുപ്പും ഉണ്ടായേക്കാം. വോട്ടിനേക്കാള്‍ വലുതല്ലല്ലോ ആവിഷ്കാര സ്വാതന്ത്ര്യം?


തസ്ലീമ, ഇന്ത്യയെ മറന്നേക്കൂ, ഞങ്ങളോട്‌ ക്ഷമിക്കൂ!!!