പി.കൃഷ്ണനുണ്ണി
കെടാമംഗലം കഥാവശേഷനായെങ്കിലും അദ്ദേഹത്തിന്റെ കഥകള്‍, അവ പറഞ്ഞിരുന്ന ഇടങ്ങളും വഴികളും, ആ ശബ്ദവും വാക്കുകളും കെടാവിളക്കുകളായി ജ്വലിച്ചു നില്‍ക്കുന്നു. എണ്‍പതുകളില്‍, ചേന്ദമംഗലത്ത് അദ്ദേഹം അവതരിപ്പിച്ച കഥയാണു 'ദ ഗില്ലറ്റ്'. ഫ്രഞ്ച് വിപ്ലവത്തെ ആസ്പദമാക്കിയുള്ള ആ കഥയിലെ കഥാപാത്രങ്ങളോരോന്നും അദ്ദേഹത്തിന്റെ ശൈലിയിലൂടേയും പിന്നണി ഗായകരുടേയും വാദ്യോപകരണങ്ങളുടെ കൊഴുപ്പിലൂടേയും അമ്പലമുറ്റത്ത് പുനര്‍ജനിക്കുകയായിരുന്നു. ആ കഥ കാലികമായി അന്വേഷിച്ചിരുന്നത് വിപ്ലവത്തിന്റെ സാധുതയെക്കുറിച്ചായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള നക്സല്‍ കാലഘട്ടത്തില്‍ അത്തരമൊരു അന്വേഷണത്തിനു വലിയ പ്രസക്തിയുണ്ടായിരുന്നു. ഫ്രാന്‍സിലെ കുതിര വണ്ടികളുടേയും റൊട്ടിക്കാരന്റേയുമെല്ലാം ചിത്രങ്ങള്‍ സദാനന്ദന്റെ വാക്കുകളിലൂടെ കണ്മുന്നിലേയ്ക്ക് കടന്നെത്തുമ്പോള്‍, അവയുടെ ശബ്ദ സാക്ഷാത്ക്കാരം മോഹനന്റെ ഹാര്‍മോണിയത്തില്‍ നിറഞ്ഞു നിന്നിരുന്നത് ഓര്‍മ്മ വരുന്നു. "ആരോമലേ...അനശ്വര പ്രേമത്തിന്‍ ആരാധ്യ ദേവത നീ"യെന്ന ആവര്‍ത്തിച്ചുവരുന്ന ആ സംഗീതം ആ കഥ കേട്ടവരെയെല്ലാം പ്രണയത്തിന്റേയും ലോഭത്തിന്റേയും അനന്ത സീമകളിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
കെടാമംഗലത്തിന്റെ മറ്റൊരു പ്രിയപ്പെട്ട കഥയായ 'ഉണ്ണിയാര്‍ച്ച'യില്‍ അദ്ദേഹം പാടി: പാലില്‍ കലക്കിയ പഞ്ചസാര / മാറ്റി കലക്കാമോ കുഞ്ഞികന്നീ'യെന്ന്. ഓരോ വരിയിലും ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ അനശ്വര തിളക്കങ്ങള്‍ നിറയുമ്പോള്‍, വികാരങ്ങള്‍ക്കൊപ്പം വിചാരങ്ങളുടേയും താക്കോല്‍ കൂട്ടങ്ങള്‍ അദ്ദേഹം ശ്രോതാക്കള്‍ക്ക് നല്‍കാറുണ്ട്.
അവസാനം, രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം 'വ്യാസന്റെ ചിരി' എന്ന കഥ പറഞ്ഞു. കഥാപ്രസംഗവേദിയില്‍ നിന്നുള്ള വിടവാങ്ങലായിരുന്നു ആ കഥ. കണ്ണീരോടെ (ചുടുകണ്ണീരോടെ) ആ കഥ കേട്ടവര്‍ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ വാങ്ങുവാനായെത്തി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകരും വാദ്യക്കാരുമെല്ലാമായിരുന്നു ആ കഥ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്.
കെടാമംഗലം അംഗീകാരങ്ങള്‍ക്കായി കച്ചകെട്ടിയിറങ്ങിയിരുന്നില്ല. ദേശീയ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. ഒരര്‍ഥത്തില്‍ നാടകവും റഷ്യന്‍ ബാലെയും കഴിഞ്ഞാല്‍, ലോകത്തില്‍ ആശയങ്ങള്‍ ഇത്രയധികം പ്രവഹിച്ച ഒരു കഥാരൂപം കഥാപ്രസംഗം മാത്രമായിരുന്നു. അദ്ദേഹം വാര്‍ത്തെടുത്ത അനേകം തലമുറകള്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. സിനിമാരംഗത്ത് മാത്രം നിലയുറപ്പിക്കാതെ, തന്റെ ദൌത്യം ഇതാണെന്ന് മനസ്സിലാക്കിയ ഈ മഹാനുഭാവനു കക്ഷി-രാഷ്ട്രിയ ഭേദങ്ങളില്ലാത്ത വലിയ സൌഹൃദങ്ങളും ബന്ധങ്ങളുമുണ്ടായിരുന്നു. ഒരിക്കല്‍ കുട്ടിയായിരുന്ന എന്നെ ചേര്‍ത്തുപിടിച്ച് അദ്ദേഹം പറഞ്ഞു: 'നീയും കഥ പറയണം'.
കഥ പറയുന്നവരുടേയും കേള്‍ക്കുന്നവരുടേയും കാലങ്ങള്‍ക്കും മാറ്റമുണ്ടായി. ചരിത്രങ്ങള്‍ക്കുള്ളില്‍ അപ-ചരിത്രങ്ങളുടെ സ്ഫോടനങ്ങളുണ്ടാകുമ്പോള്‍, ജനങ്ങളെ ഹൃദയത്തിലേക്കെടുത്ത് താലോലിക്കുന്ന കഥകളുണ്ടാകുന്നതെങ്ങനെ? ഉത്തരം നമുക്ക് കെടാമംഗലം സദാനന്ദനോടുതന്നെ ചോദിക്കാം.