Thursday, April 3, 2008

നമ്മള്‍ക്ക്‌ എന്ത്‌ പറ്റി?






സര്‍ക്കാര്‍ കണക്ക്‌ പ്രകാരം കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങളില്‍ എഴുപത്ശതമാനത്തിനും കാരണം മദ്യപാനമാണു. മദ്യഷാപ്പുകള്‍ തുറക്കാത്ത ദിവസങ്ങളില്‍ അപകടങ്ങളും കുറയുന്നു. 'അല്‍പം അടിച്ചിട്ട്‌' അമ്മയേയും ഭാര്യയേയും കുട്ടികളേയും തല്ലുവാന്‍ പണ്ടേ നമുക്ക്‌ സ്വ്യാതന്ത്ര്യമുണ്ട്‌. പല കാര്യങ്ങളിലും നമ്മള്‍ ദേശീയതലത്തില്‍ ഒന്നാമതാണു. ആത്മഹത്യാനിരക്കില്‍ ദേശീയനിരക്കിനേക്കാള്‍ ഇരട്ടിയാണു നമ്മുടെ നേട്ടം. അന്‍പത്‌ ശതമാനം ആത്മഹത്യകളുടെ പിറകിലും വില്ലന്‍ മദ്യം തന്നെ. ആത്മഹത്യ കൂടാതെ സാക്ഷരത, മദ്യപാനം, തൊഴിലില്ലായ്മ എന്നീ മേഖലകളിലും നമ്മള്‍ ഒന്നാമതാണു. അരിക്കു ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നമ്മള്‍ മദ്യത്തിനു ചിലവാക്കുന്നുണ്ട്‌ എന്നു അഭിമാനപൂര്‍വ്വം പറയാം! തൊഴിലില്ലെങ്കിലും അല്‍പം മോന്തുവാനുള്ള വക ജനത്തിനു എങ്ങിനെയെങ്കിലും തടയും എന്നാണു സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള കാരണം. ഓണമായാലും ക്രിസ്തുമസ്സ്‌ ആയാലും മദ്യമില്ലെങ്കില്‍ എന്താഘോഷം? മാവേലിയേയും മനുഷ്യപുത്രനേയും വരവേല്‍ക്കാന്‍ ഒരു ധൈര്യം വേണ്ടേ? കഴിഞ്ഞ ഓണക്കാലത്ത്‌ നൂറ്റന്‍പത്‌ കോടി രൂപയുടെ മദ്യമെങ്കിലും നമ്മള്‍ സേവിച്ച്‌ കാണുമെന്ന് കണക്കുകള്‍ പറയുന്നു. നമ്മള്‍ അല്‍പം അടിക്കുന്ന ഈ ശീലം കാരണം സര്‍ക്കാരിനു നികുതിയിനത്തില്‍ കിട്ടുന്നത്‌ 2500 കോടി രൂപയിലധികമാണു! സര്‍ക്കാരിനും വരുമാനം വേണ്ടേ?



സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സേവിക്കുവാന്‍ നമുക്ക്‌ മടിയാണു. ഒറ്റയ്ക്‌ ഒരു പെഗ്ഗ്‌ അടിക്കണമെങ്കിലും ബാറില്‍ തന്നെ പോകണം. കല്യാണമായാലും ഇരുപത്തെട്ടായാലും നാട്ടുകാരെ വിളിച്ച്‌ ഒന്നു കൂടിയില്ലെങ്കില്‍ അന്തസ്സ്‌ കുറയും. പുറം നാടുകളില്‍ അദ്ധ്വാനിച്ച്‌ പണമുണ്ടാക്കുന്ന നമ്മുടെ ബന്ധുക്കള്‍ കേരളത്തിലേയ്ക്കയക്കുന്ന ഭീമന്‍ തുകയുടെ (200 ബില്യണ്‍ രൂപ?) നല്ലൊരു ശതമാനം വിദേശമദ്യത്തിനായി ചിലവാക്കിയാണു അധ്വാനത്തിന്റെ മൂല്യം നമ്മള്‍ മനസ്സിലാക്കുന്നത്‌.നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെങ്കില്‍ മദ്യവിപത്തൊന്നും ഞങ്ങളുടെ വിഷയമല്ല എന്ന നിലയില്‍ മുന്നോട്ട്‌ പോകുകയാണു. ഹൈറുന്നീസമാരും മാണിച്ചന്മാരും രാഷ്ട്രീയക്കാരുടെ ഉറ്റ സുഹൃത്തുക്കളാണു. ഇവര്‍ വിചാരിച്ചാല്‍ ഐജിയുടെ വരെ തൊപ്പി തെറിക്കും!



സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് കുടിയന്മ്മാരുടെ രാഷ്ട്രീയ ചേരിതിരുവ്‌ മനസ്സിലാക്കുവാന്‍ സാധ്യമല്ല. ഇതില്‍ ആര്‍.എസ്സ്‌.എസ്സ്‌ കാരും സഖാക്കളും ഖദര്‍ധാരികളും ഉള്‍പ്പെടുമെന്ന് നമുക്ക്‌ ഉൂഹിക്കാം. ഈ സത്യമറിയാവുന്നതുകൊണ്ടാണു വിജയന്‍ സഖാവ്‌ കോട്ടയം സമ്മേളനത്തില്‍ സ്വന്തം സഖാക്കളോട്‌ വെള്ളമടിച്ചാല്‍ വയറ്റികിടക്കണം എന്ന് പറഞ്ഞത്‌.



ആധുനിക ജീവിത രിതികള്‍ മൂലമുള്ള സംഘര്‍ഷമാണു മദ്യപാനത്തിലേയ്ക്‌ നയിക്കുന്നത്‌ എന്നൊരു വാദമുണ്ട്‌. അപ്പോള്‍ മെട്രോപോളിറ്റന്‍ സംസ്ക്കാരം ഇല്ലാത്ത ഗ്രാമങ്ങളില്‍പോലും മദ്യപാന ശീലം കൂടുന്നതോ?നമ്മള്‍ക്ക്‌ എന്ത്‌ പറ്റി? പ്രതീക്ഷകളും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതുമൂലമുള്ള നിരാശയാണോ ഒരു ജനതയെ ആത്മഹത്യയിലേയ്ക്കും മദ്യപാനത്തിലേയ്ക്കും ലഹരിമരുന്നുകളിലേയ്ക്കും നയിക്കുന്നത്‌? അല്ലെങ്കില്‍ പ്രതീക്ഷകളുടെ ലോകത്തേയ്ക്കുള്ള ഒരു കുറുക്കുവഴിയാണു മദ്യപാനം എന്ന് കരുതുന്നതുകൊണ്ടോ? കൃത്യമായ ഉത്തരമോ പോംവഴിയോ ഇല്ലാത്തതുകൊണ്ട്‌ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞ്‌, ഉപഭോഗ സംസ്ക്കാരത്തിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കി, വികസന സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിച്ചുകൊണ്ട്‌ നമുക്ക്‌ ജീവിക്കുവാന്‍ ശ്രമിച്ചുകൂടെ?