Monday, April 7, 2008

ഭോപ്പാലിലെ ജീവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട 'പീഡിതര്‍'


ഭോപ്പാല്‍ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ ഭോപ്പാലില്‍നിന്നും 800 കിലോമീറ്റര്‍ പദയാത്രയായാണു ദില്ലിയിലെത്തിയത്‌. ഇതില്‍ കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെയുണ്ട്‌. 2006ലും ഇവര്‍ പദയാത്രയായി വന്ന് പ്രധാനമന്ത്രിയ്ക്‌ നിവേദനം കൊടുത്തിരുന്നു. ഫാക്ടറി പരിസരത്തുനിന്നും രാസമാലിന്യങ്ങള്‍ നീക്കം ചെയ്യുക, ശുദ്ധജലം ലഭ്യമാക്കുക, യൂണിയണ്‍ കാര്‍ബൈഡിന്റെ ഇന്നത്തെ ഉടമകളായ 'ഡൌ'വിനെതിരെ നടപടി എടുക്കുക ഇത്രയൊക്കെയായിരുന്നു ആവശ്യങ്ങള്‍. പ്രധാനമന്ത്രി അന്ന് തലകുലുക്കിയെങ്കിലും ഒന്നും നടന്നില്ല. പുനരധിവാസ നടപടികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രിയില്‍നിന്ന് ഉറപ്പ്‌ ലഭിച്ചിട്ടേ ഇത്തവണ തിരിച്ചുപോകൂ എന്ന് ഇവരുടെ സംഘടന പറയുന്നു.


5000 ടണ്ണില്‍ കൂടുതല്‍ രാസമാലിന്യങ്ങളാണു ഫാക്ടറി പരിസരത്ത്‌ കുഴിച്ചിട്ടിട്ടുള്ളത്‌. ഇതുമൂലം മണ്ണും ജലവും മലിനമായിക്കൊണ്ടേയിരിക്കുന്നു. വിഷവാതകം ശ്വസിച്ച്‌ (1984 ഡിസംബര്‍ 2) 15000 ആളുകളെങ്കിലും മരിച്ച്‌ കാണും എന്ന് കരുതുന്നു. കമ്പനിയുടെ കണക്കില്‍ സംഖ്യ വെറും 3000 ആണു. അന്നുമരിച്ചവര്‍ ഭാഗ്യവാന്മാരാണെന്ന് ജീവിച്ചിരിക്കുന്നവര്‍ പറയുന്നു. ഇവര്‍ക്ക്‌ ശാരീരിക അസ്വസ്ഥതകള്‍ കാരണം അധ്വാനിച്ച്‌ ജോലിചെയ്യുവാന്‍ വയ്യ. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ആരും വിവാഹം ചെയ്യില്ല. ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍, ആര്‍ത്തവ വിരാമം, ഗര്‍ഭം ധരിക്കാതിരിക്കുക, ഗര്‍ഭച്ഛിദ്രം, വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുക ഇതെല്ലാം ഇവര്‍നേരിടുന്ന ആരോഗ്യപ്രശനങ്ങളില്‍ ചിലതാണു. ദുരന്തത്തിനുശേഷം ജനിച്ചവരൊന്നും സര്‍ക്കാര്‍ രേഖകളില്‍ പീഡിതര്‍ അല്ല. 25000 ജനങ്ങളില്‍ കൂടുതല്‍ വിഷലിപ്തമായ വെള്ളമാണു കുടിക്കുന്നത്‌. കാന്‍സര്‍, ജനനവൈകല്യങ്ങള്‍, തലച്ചോറിനു സംഭവിക്കുന്ന വൈകല്യങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക്‌ കാരണം വിഷലിപ്തമായ വെള്ളമാണു. അമ്മമാരുടെ മുലപ്പാലില്‍ ക്ലോറോഫാം, മെര്‍ക്കുറി, ലെഡ്‌ തുടങ്ങിയ മാരക പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന് ഇതിനെക്കുറിച്ച്‌ പഠനം നടത്തിയ 'ഗ്രീന്‍പീസ്‌' റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെ കുട്ടികള്‍ക്ക്‌ സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ചിട്ടുണ്ട്‌.
ഒരു ഇന്ത്യക്കാരനു 500 ഡോളറിന്റെ പോലും വില കല്‍പ്പിക്കാത്ത ഡൌ കമ്പനി ഇന്ന് കേന്ദ്രസര്‍ക്കാരിന്റേയും പല സംസ്ഥാന സര്‍ക്കാരുകളുടേയും (പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ) ഏറ്റവും വേണ്ടപ്പെട്ട മൂലധന നിക്ഷേപകരില്‍ ഒന്നാണു. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷവും ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ ഇന്ന് മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തയല്ല! ഡൌവിന്റെ വാഗ്ദാനങ്ങളില്‍ കണ്ണ്‍ മഞ്ഞളിച്ചിരിക്കുന്ന ഭരണാധികാരികള്‍ക്കാകട്ടെ ഭോപ്പാല്‍ പീഡിതരുടെ ദുരിതങ്ങള്‍ക്ക്‌ ഒരു പ്രാധാന്യവുമില്ല!