Wednesday, April 16, 2008

കെടാമംഗലം സദാനന്ദന്‍


ക്ഷേത്രമുറ്റങ്ങളില്‍ നടന്നിരുന്ന ഹരികഥയെ ജനകീയവല്‍ക്കരിച്ച്‌ കഥാപ്രസംഗമെന്ന കലാരൂപമാക്കിയവരില്‍ പ്രമുഖനായിരുന്നു, ഞായറാഴ്ച അന്തരിച്ച കെടാമംഗലം സദാനന്ദന്‍. സില്‍ക്ക്‌ ജുബ്ബ ധരിച്ച്‌, ജുബ്ബയുടെ കൈ ചുരുട്ടി വച്ച്‌ മൈക്കിനു മുന്‍പില്‍ നില്‍ക്കുന്ന കെടാമംഗലത്തിന്റെ രൂപം ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പുരോഗമന ആശയങ്ങളുടെ തുടിപ്പും ഭാഷാശുദ്ധിയും അദ്ദേഹത്തിന്റെ കഥാപ്രസംഗത്തിന്റെ മുഖ്യ സവിശേഷകളായിരുന്നു. പതിനയ്യായിരത്തിലധികം വേദികളിലായി നാല്‍പ്പത്തൊന്ന് കഥകള്‍ - ഇതൊരു അപൂര്‍വ്വ നേട്ടം തന്നെ. ചേന്ദമംഗലം ക്ഷേത്രപരിസരത്ത്‌ അദ്ദേഹം പറഞ്ഞ ഗില്ലറ്റ്‌, ഭരതന്‍സാര്‍ രചിച്ച ഫ്രഞ്ച്‌ വിപ്ലവത്തിന്റെ കഥ, മറക്കുവാന്‍ കഴിയാത്ത അനുഭവമായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതല്‍ അവതരിപ്പിച്ച കഥയായിരുന്നു രമണന്‍. സകലകലാവല്ലഭന്‍ എന്ന പേരിനര്‍ഹിക്കുന്ന ഒരു കലാകാരനായിരുന്നു കെടാമംഗലം. പാട്ട്‌, അഭിനയം, കഥപറയല്‍, കവിതാരചന, കഥാരചന, നൃത്തം, തിരക്കഥ, സംഭാഷണം എന്നീ എല്ലാ രംഗങ്ങളിലും അദ്ദേഹം നിറഞ്ഞ്‌ നിന്നിരുന്നു.

ആ മഹാനായ കലാകാരനു ആദരാഞ്ജലികള്‍!