Wednesday, May 7, 2008

BHAKSHYA PRATHISANDHI


എഴുപതുകളിലെ ഭക്ഷ്യക്ഷാമം ഓര്‍മ്മയുണ്ടോ? (യൂണികോഡിലേക്ക്‌ മാറ്റുമ്പോള്‍ ഭക്ഷ്യ എന്നാണു വരുന്നത്‌, ക്ഷമിക്കുക) അന്ന് റേഷന്‍ കടകളില്‍ അരിക്കും ഗോതമ്പിനും വേണ്ടി തിരക്കോട്‌ തിരക്കായിരുന്നു. കാര്‍ഡുടമയുടെ പേരു വിളിക്കുന്നതു കേള്‍ക്കാന്‍ ചുരുങ്ങിയത്‌ രണ്ട്‌ മണിക്കൂറെങ്കിലും ചുറ്റിപ്പറ്റി നില്‍ക്കണം. ഗോതമ്പ്‌ കിട്ടിയാല്‍ തന്നെ മില്ലിനു മുമ്പില്‍ വേറൊരു ക്യൂ. അന്നത്തെ പ്രധാന ഭക്ഷണത്തിലൊന്നായിരുന്നു ചപ്പാത്തിയും നാളികേരചട്ടിണിയും. (അന്ന് അറിഞ്ഞിരുന്നില്ല ചപ്പാത്തി ദിവസവും തിന്നേണ്ടി വരുമെന്ന്!) മെന്യു പുതുക്കാനും ചിലവ്‌ ചുരുക്കാനും വേണ്ടി കിഴങ്ങുപൊടിയുടെ പുട്ടും ഗോതമ്പ്‌ ദോശയും ഇടയ്ക്കിടയ്ക്ക്‌ അമ്മ ഉണ്ടാക്കുമായിരുന്നു. ഭക്ഷ്യ പ്രതിസന്ധിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ദിവസവും വായിക്കുമ്പോള്‍ ഇതെല്ലാം വീണ്ടും ഓര്‍മ്മവരുന്നു.

ആവശ്യസാധനങ്ങളുടെ വില ദിവസംതോറും കൂടികൊണ്ടിരിക്കുകയാണു. വിലവര്‍ദ്ധനമൂലം കഷ്ടപ്പെടുന്ന ജനങ്ങളോട്‌, വിലവര്‍ദ്ധനവിനു കാരണം കേന്ദ്രസര്‍ക്കാരാണെന്ന് സംസ്ഥാനങ്ങളും ആഗോളപ്രതിഭാസമാണെന്ന് കേന്ദ്രസര്‍ക്കാരും പറഞ്ഞ്‌ തങ്ങളുടെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞ്‌ മാറുവാന്‍ ശ്രമിക്കുകയാണു. സെനെഗല്‍, ഐവറികോസ്റ്റ്‌, ഈജിപ്ത്‌, കാമറൂണ്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ ഭക്ഷ്യലഹളകള്‍ തന്നെ നടന്നുകഴിഞ്ഞു.

കാലാവസ്ഥ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കൃഷിയ്ക്ക്‌ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ഉല്‍പ്പാദനത്തില്‍ വന്‍ തോതില്‍ കുറവുണ്ടാകുകയും ചെയ്തത്‌ ഭക്ഷ്യ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നാണു. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തിനു ഉപയോഗിച്ചിരുന്ന പാടശേഖരങ്ങളില്‍ ജൈവ ഇന്ധനത്തിനു വേണ്ട വിളകള്‍ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നത്‌ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു. പാവപ്പെട്ടവനു വിശപ്പടക്കുവാന്‍ ഭക്ഷണം ലഭിക്കാത്ത അവസ്ഥയുള്ളപ്പോള്‍ കാറോടിക്കുവാനുള്ള ജൈവ ഇന്ധന വിളകള്‍ക്കായി കൃഷിയിടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്‌ ഭയാനകമാണു.

നമ്മുടെ രാഷ്ട്രീയം അരിയിലാണല്ലോ? ലോക കമ്പോളത്തില്‍ അരിയുടെ വില കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു. ഫിലിപ്പൈന്‍സില്‍നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യമാണു ലോക കമ്പോളത്തില്‍ വില വര്‍ദ്ധനവിനു കാരണമെന്ന് പറയപ്പെടുന്നു. കേരളവും ഇന്നു ഈ അവസ്ഥ തന്നെയാണു നേരിടുന്നത്‌. നമ്മുടെ ആവശ്യത്തിനുള്ള അരി നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ആന്ധ്രയില്‍നിന്നുള്ള അരി വരവ്‌ കുറഞ്ഞപ്പോള്‍ ശരദ്‌ പവാറിന്റെ കാലുപിടിക്കേണ്ട ഗതികേടിലായി! ലോക കമ്പോളത്തില്‍ ഗോതമ്പ്‌ വിതരണത്തില്‍ രണ്ടാം സ്ഥാനത്താണു ആസ്ത്രേലിയ. അവിടെയുണ്ടായ വരള്‍ച്ചയാണു ലോകമെമ്പാടും ഗോതമ്പിന്റെ വില വര്‍ദ്ധനവിനു കാരണമായെതെന്ന് പറയുന്നു. ജനങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിച്ചതോടെ മാംസാഹാരത്തിന്റെ ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണു. മന്ത്രിമാര്‍ തന്നെ ഇത്തരമൊരു ലൈന്‍ ഉപദേശിച്ച്‌ തുടങ്ങിയത്‌ നമ്മള്‍ കണ്ടു. മാംസാഹാരത്തിന്റെ ഉപയോഗം കൂടിയപ്പോള്‍ ആടിനും കോഴിക്കുമെല്ലാം തീറ്റക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും ആവശ്യം കൂടി. മനുഷ്യനു കഴിക്കാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതിനേക്കാള്‍ ലാഭം ആടിനും കോഴിക്കും തിന്നാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതാണെങ്കില്‍ സ്വാഭാവികമായും കൃഷിക്കാര്‍ അതുതന്നെ ചെയ്യും. മനുഷ്യനാവശ്യമുള്ള ഭക്ഷ്യധാന്യങ്ങളുടെ കുറവിനു ഇതും ഒരു കാരണമാണു. ലോകകമ്പോളത്തില്‍ ക്രൂഡോയിലിന്റെ വില വര്‍ഷം തോറും വര്‍ദ്ധിച്ചികൊണ്ടിരിക്കുന്നതും വിലക്കയത്തിന്റെ കാരണങ്ങളിലൊന്നാണു. ഭക്ഷ്യക്ഷാമത്തിന്റെ വേറൊരു കാരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യകതയും സംഭരണവും തമ്മിലുള്ള അന്തരമാണു. ആഗോള നിലവാരത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ വളരെ കുറവാണു.

ഇപ്പോള്‍ നമ്മള്‍ നേരിടുന്ന ഭക്ഷ്യപ്രതിസന്ധി എഴുപതുകളില്‍ ലോകം നേരിട്ട ഭക്ഷ്യപ്രതിസന്ധിയേക്കാള്‍ ഭയാനകമാണെന്ന് പറയുന്നു. ഈ അവസ്ഥയില്‍ കാര്‍ഷിക മേഖലയിലും പൊതുവിതരണ രംഗത്തും സര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമാണു. ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി വര്‍ദ്ധിപ്പിച്ചും കൃഷിക്കാരില്‍നിന്ന് നേരിട്ട്‌ ധാന്യങ്ങള്‍ സംഭരിച്ചും പ്രത്യേക കര്‍ഷിക മേഖലകള്‍ രൂപീകരിച്ചും ചെറുകിട കൃഷിക്കാരെ പ്രൊത്സാഹിപ്പിച്ചും സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ ഇടപടേണ്ടതാണു. തൊണ്ണൂറുകള്‍ മുതല്‍ തുടര്‍ന്നുവരുന്ന തെറ്റായ വികസന നയങ്ങള്‍ മൂലം കാര്‍ഷിക മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപം കുറഞ്ഞ്‌ വരികയാണു. ജലസേചനത്തിനും കാര്‍ഷികാഭിവൃദ്ധിക്കും വേണ്ട മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തി കര്‍ഷകരുടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര കടമയാണു.

(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Food Outlook Report കാണുക)