Monday, March 17, 2008

മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുന്‍പോള്‍ ആദ്യമായി കേരളവും തമിള്‍നാടും തമ്മിലുള്ള നദീജല തര്‍ക്കവും രണ്ടാമതായി ഈ പുരാതന അണക്കെട്ടുയര്‍ത്തുന്ന ഭീഷണിയുമാണു ആര്‍ക്കും ഒോര്‍മ്മയില്‍ വരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ ഈ അണക്കെട്ടിനെ സംബന്ധിച്ച ചില നിര്‍ണ്ണയാക തീരുമാനങ്ങള്‍ പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും.

1886 ഒക്ടോബര്‍ 29നാണു തിരുവതാംകൂര്‍ രാജാവ്‌ ബ്രിട്ടീഷ്‌ ഭരണപ്രദേശമായ മദ്രാസ്‌ സര്‍ക്കാരുമായി ഉടന്‍പടി ഒപ്പുവയ്ക്കുവാന്‍ നിര്‍ബന്ധിതമായത്‌. ഉടന്‍പടി പ്രകാരം തിരുവതാംകൂര്‍ അധീനതയിലുള്ള 8000 ഏക്കര്‍ സ്തലം 999 വര്‍ഷത്തേയ്ക്ക്‌ പാട്ട്ത്തിനായി വിട്ടുകൊടുക്കേണ്ടി വന്നു. പ്രതിവര്‍ഷം 40,000/- രൂപ വാടക. രസകരമായ വസ്തുത 999 വര്‍ഷം ഒരു അണക്കെട്ടിനും നിലനില്‍ക്കാന്‍ സാദ്ധ്യമല്ല എന്നതാണു! ഇന്നത്തെ കാലഘട്ടത്തില്‍ പോലും അതിവിദഗ്ധമായി പണിയുന്ന അണക്കെട്ടുകള്‍ക്കുള്ള ജീവിതാവധി 50-60 വര്‍ഷങ്ങളാണു എന്നു വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ സായ്പ്‌ വിചാരിച്ചുകാണും ഇവറ്റകള്‍ക്കു 999 വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യം കിട്ടില്ലെന്ന്!

ഉടന്‍പടിയിലെ പ്രധാന വ്യവസ്ത ഈ അണക്കെട്ടില്‍നിന്നുള്ള ജലം മധുര ജില്ലയില്‍ ജലസേചനകാര്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ എന്നതാണു. 1895ല്‍ അണക്കെട്ടുനിര്‍മ്മണാം പൂര്‍ത്തിയായി. അതികഠിനമായ വരള്‍ച്ച നേരിട്ടുകൊണ്ടിരുന്ന മധുരജില്ലയ്ക്കു പെരിയാറിലെ ജലം അവിശ്വസനീയമായ കാര്‍ഷികപുരോഗതിയാണു നേടിക്കൊടുത്തത്‌. പതുക്കെ ഇവിടെനിന്നുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ മദ്രാസ്‌ സര്‍ക്കാര്‍ ശ്രമം തുടങ്ങി. വൈദ്യുതി ഉല്‍പ്പാദനം കരാര്‍ വ്യവസ്ഥയ്ക്ക്‌ എതിരാണെന്നുള്ളതുകൊണ്ടു തിരുവതാംകൂര്‍ ഈ നീക്കത്തെ ആദ്യമേ തന്നെ എതിര്‍ത്തു. മദ്രാസ്‌ സര്‍ക്കാരാകട്ടെ, വെള്ളം കേരളത്തിന്റെ അതിര്‍ത്തിക്ക്‌ പുറത്ത്‌ കടന്നാല്‍ പിന്നെ അവരുടേതായി എന്നും തിരുവതാംകൂറിനു ഇതിലൊരു അധികാരമില്ലെന്നുമായിരുന്നു.

ഈ അവസരത്തിലാണു സര്‍ സി.പി. (മലയാളിയ്ക്കിന്നും ക്രുരനും കൌശലക്കാരനും മാത്രമാണു ഈ ഭരണാധികാരി) തിരുവതാംകൂരിന്റെ നിയമ-ഭരണ ഉപദേഷ്ടാവായി 1931ല്‍ നിയമിതനാകുന്നത്‌. രണ്ടു രാജ്യങ്ങള്‍ക്കും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിലെത്തുവാന്‍ സാധിക്കാഞ്ഞതുമൂലം പ്രശ്നം ആര്‍ബിട്രേഷന്‍ ട്രൈബൂണലിനു വിട്ടു. തിരുവതാംകൂറിനുവേണ്ടി സര്‍ സി.പി.യാണു ട്രൈബൂണലില്‍ ഹാജരായത്‌. 1936ല്‍ രണ്ട്‌ ആര്‍ബിറ്റര്‍മാരും പരസ്പരവിരുദ്ധമായ വിധികളാണു പുറപ്പെദുവിച്ചത്‌. 1936 ഒക്ടോബര്‍ 8നു സര്‍ സി.പി. തിരുവതാംകൂര്‍ ദിവാനായി നിയമിതനായി. 1937ല്‍ മദ്രാസ്‌ പ്രധാനമന്ത്രിയായിരുന്ന സി. രാജഗോപാലാചാരിയും സര്‍ സി.പിയും കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ പ്രശ്നം ഒരു മദ്ധ്യസ്ഥന്റെ തീരുമാനത്തിനു വിടാമെന്ന ധാരണയായി. കല്‍ക്കത്താ ഹൈക്കോടതിയില്‍ ജഡജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി മദ്ധ്യസ്ഥനായി നിയമിതനായി. മദ്രാസിനു വേണ്ടി അല്ലാടി കൃഷ്ണസ്വാമി അയ്യരും തിരുവതാംകൂറിനുവേണ്ടി സര്‍ സി.പിയും ഹാജരായി. സി.പിയുടെ പ്രധാന വാദഗതികള്‍ ഇപ്രകാരമായിരുന്നു:

1) മധുര ജില്ലയിലെ ജലസേചനകാര്യങ്ങള്‍ക്കു മാത്രമാണു മദ്രാസിനു തിരുവതാംകൂര്‍ ജലം നല്‍കാന്‍ അനുമതി നല്‍കിയത്‌.

2)വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള തീരുമാനം വാണിജ്യപരമാണു.

3) മധുര ജില്ലയിലെ ജലസേചനകാര്യങ്ങള്‍ക്കുശേഷമുള്ള മിച്ച ജലം മധുര, പെരിയാംകുളം എന്നീ പട്ടണങ്ങള്‍ക്ക്‌ കുടിവെള്ളത്തിനുപോലും ഉപയോഗിക്കുവാന്‍ പാടില്ല.

1941 മെയ്‌ 12നു മദ്ധ്യസ്ഥന്റെ തീരുമാനം തിരുവതാംകൂറിന്റെ വാദങ്ങളെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിണ്ണായകഘട്ടം എന്നു പറയാവുന്ന, മഹാമണ്ടത്തരം നടന്നതു 1970 മെയ്‌ മാസത്തിലാണു. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ എന്നു പേരുകേട്ടവര്‍ , യാതൊരു പഠനങ്ങളും നടത്താതെ തമിഴ്നാടുമായി പഴയ കരാര്‍ പുതുക്കുവാന്‍ തീരുമാനിച്ചു. കേരളത്തിന്റെ വൈദ്യുതാവശ്യങ്ങള്‍ക്കു വെള്ളം വേണമെന്നോ കുടിവെള്ളത്തിനും ജലസേചനത്തിനും വെള്ളം വേണമെന്നോ ആരും ഓര്‍ത്തില്ല. 80കളില്‍ മഴ കുറയാനും ജലദൌര്‍ലഭ്യം കൂടുവാനും തുടങ്ങിയതോടെയാണു നമ്മള്‍ ഉണര്‍ന്നു തുടങ്ങിയത്‌.വേനല്‍ക്കാലത്ത്‌ ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍പോലും നമുക്ക്‌ വെള്ളമില്ല.വൈദ്യുതിക്ഷാമം ഇന്നു നമുക്ക്‌ നിത്യ പരിചയമാണു.ചുണ്ണാന്‍പു മിശ്രിതം ഉപയോഗിച്ച്‌ പണിത ഈ അണക്കെട്ട്‌ സുരക്ഷിതമല്ല എന്നതു മാത്രമാണു ഇന്നു നമുക്കു പറയുവാനുള്ള ഏക ആശ്രയം. മാറി മാറി വരുന്ന സര്‍ക്കാരുകളും മന്ത്രിമാരും ഇതുതന്നെ ഏറ്റുപറയുന്നു. വാദം ശരി തന്നെ. പക്ഷെ ഇവിടെ ഇവര്‍ വിസ്മരിക്കുന്നത്‌ മുല്ലപ്പെരിയാര്‍ ജലവും അണക്കെട്ട്‌ നില്‍ക്കുന്ന സ്ഥലവും പൂര്‍ണ്ണമായും കേരളത്തിന്റേതാണു എന്ന കാര്യമാണു. പഴയ അണക്കെട്ട്‌ പൊളിച്ച്‌ പുതിയതു പണിതാലും ജലം തമിഴ്നാട്‌ കൊണ്ടുപോകും. നമുക്ക്‌ അപ്പോഴും വെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥ തന്നെ! കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ വെള്ളം കൊടുക്കുന്നതില്‍ തെറ്റില്ല (സി.പി. വാദിച്ച്തുപോലെ ഇതിനുവേണ്ടി മാത്രം). പക്ഷേ അതോടൊപ്പം ഇത്‌ കേരളത്തിന്റെ ജലമാണെന്ന് തമിഴ്നാടിനെക്കൊണ്ട്‌ സമ്മതിപ്പിക്കുവാനുള്ള രാഷ്ട്രീയ തന്റേടം നമ്മള്‍ കാട്ടണം. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള ജലം മുല്ലപ്പെരിയാറില്‍ നിന്നും ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം എന്നും നമ്മള്‍ക്കുള്ളതായിരിക്കണം.

No comments: