Tuesday, May 13, 2008

പാതാളലോകം


ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജാവായിരുന്ന മഹാബലിയെ ഇന്ദ്രനുവേണ്ടി കരിങ്കാലിപ്പണിചെയ്ത വാമനന്‍ പാതാളത്തിലേയ്ക്‌ ചവുട്ടിതാഴ്ത്തി എന്ന് ഐതിഹ്യം. ഓണത്തിന്റെ ഓര്‍മ്മകളോടൊപ്പം അന്നുതൊട്ട്‌ പാതാളലോകവും നമ്മളോടൊപ്പമുണ്ട്‌.

പിന്നെ, സ്കന്ദപുരാണത്തില്‍ പാതാളവുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്‌. അയോദ്ധ്യ ഭരിച്ചിരുന്ന ഋതുപര്‍ണ്ണന്‍ എന്ന രാജാവ്‌ നാഗരാജാവിന്റെ സഹായത്തോടെ പാതാളലോകത്ത്‌ എത്തിച്ചേര്‍ന്നെന്നും അവിടെ മുപ്പത്തിമൂന്ന് കോടി ദേവിദേവന്മാരെ കണ്ടുവെന്നും കഥ. ഇവിടെ പറയുന്ന പാതാളലോകം 'പാതാള്‍ഭുവനേശ്വര്‍' എന്ന ഉത്തരാഞ്ചലിലെ ഗുഹയാണെന്നാണു വിശ്വാസം. ഋതുപര്‍ണ്ണന്റെ സന്ദര്‍ശനത്തിനു ശേഷം ഈ ഗുഹ എന്നേയ്ക്കുമായി അടഞ്ഞുവെന്നും പിന്നീട്‌ ശ്രീശങ്കരാചാര്യരാണു വീണ്ടും ഈ ഗുഹ കണ്ടെത്തിയതെന്നും പുരാണം!

പാതാളലോകത്തെപറ്റി ഗൌരവമായി വായിച്ച്‌ തുടങ്ങിയത്‌ എം.കെ. രാമചന്ദ്രന്‍ പാതാള്‍ഭുവനേശ്വര്‍ സന്ദര്‍ശനത്തെപറ്റി ഭാഷാപോഷിണിയില്‍ (ആഗസ്ത്‌ 2006) എഴുതിയത്‌ വായിച്ചപ്പോഴാണു. അപ്പോഴാണു പാതാളലോകം വെറുമൊരു പുരാണസങ്കല്‍പ്പമല്ലെന്ന് മനസ്സിലായത്‌.

മിഷേല്‍ ബേയ്ക്കന്റെ The Jesus Papers‌ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇറ്റലിയില്‍ നേപ്പിള്‍സ്‌ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ബഇയ എന്ന സ്ഥലത്തുള്ള ഒരു തുരങ്കത്തില്‍ സാഹസികമായി പ്രവേശിച്ചതിനെപ്പറ്റി വിവരിക്കുന്നുണ്ട്‌. ഈ തുരങ്കം 2600 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിമ്മിച്ചതാകാം എന്ന് പറയപ്പെടുന്നു. പാതാളലോകത്തിലെ രഹസ്യങ്ങളുമായി അടുത്തറിയുന്നതിനുള്ള ആചാരനുഷ്ടാനങ്ങള്‍ക്കാണു ഈ സങ്കേതം ഉപയോഗിച്ചിരുന്നത്‌ എന്നാണു ഊഹം. ചില അജ്ഞാത കാരണങ്ങളാല്‍ സീസറിന്റെ കാലഘട്ടത്തില്‍ അടയ്ക്കപ്പെട്ട ഈ തുരങ്കം രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം 1962 ലാണു വീണ്ടും കണ്ടെത്തിയത്‌.

മേഘാലയത്തിലെ ജെയിന്‍-തിയാ കുന്നുകളില്‍ കണ്ടെത്തിയിട്ടുള്ള പ്രകൃതിനിര്‍മ്മിതമായ ഗുഹകള്‍ ഭൂവിജ്ഞാന മേഖലയിലെ നിരവധി രഹസ്യങ്ങളുടെ കലവറയാണെന്ന് പറയപ്പെടുന്നു. സൂര്യപ്രകാശം കടന്നുചെല്ലാത്ത ഈ ഗുഹകളില്‍ അരുവികളും പുഴകളും വെള്ളച്ചാട്ടങ്ങളുമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. മേഘാലയത്തില്‍ മത്രമായി ആയിരത്തില്‍ കൂടുതല്‍ ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ജൈവവൈവിധ്യത്താല്‍ സമൃദ്ധമായ ഈ ഗുഹകളില്‍ പല വിധത്തിലുള്ള ജീവികള്‍ സുഖമായി കഴിയുകയാണു. പിഞ്ഞാണത്തിന്റെ വലിപ്പമുള്ള എട്ടുകാലി, പഴുതാര, തേരട്ട, അരണ, ഞണ്ട്‌, ചെമ്മീന്‍, അല്‍ബിനോ മത്സ്യം, വവ്വാല്‍, ഇവയെല്ലാം അധികം മനുഷ്യശല്യമില്ലാതെ ഇതുവരെ കഴിഞ്ഞ്‌ കൂടി. കണ്ണുകളില്ലാത്ത ഈ ജീവികള്‍ ആന്റനകളുടെ സഹായത്തോടെയാണു സഞ്ചരിക്കുന്നത്‌. മേഘാലയത്തില്‍ നടക്കുന്ന വ്യാപകമായ കല്‍ക്കരി ഖനനങ്ങള്‍ മൂലം പല ഗുഹകളും നശിച്ചികൊണ്ടിരിയ്ക്ക്ക്കുകയാണു. ഈ പ്രദേശത്ത്‌ മാത്രമായി നാല്‍പത്‌ ദശലക്ഷം ടണ്ണിന്റെ കല്‍ക്കരി ശേഖരമുണ്ടെന്ന് പറയപ്പെടുന്നു. അപ്പോള്‍ പിന്നെ നമ്മള്‍ ഈ പ്രദേശത്തെ വെറുതെ വിടുന്ന പ്രശ്നമുണ്ടോ? മുപ്പത്‌ കിലോമീറ്റര്‍ നീളമുള്ള, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഈ ഗുഹാനിരകള്‍ ഖനങ്ങള്‍ മൂലം ഭീഷണി നേരിടുകയാണു.

പാതാളലോകത്തെക്കുറിച്ച്‌ അറിയുമ്പോള്‍ നമ്മുടെ അത്ഭുതം കൂടുകയാണു. നമ്മള്‍ പുരാണങ്ങളില്‍ കേട്ടിട്ടുള്ള പാതാളലോകം യതാര്‍ഥത്തില്‍ നിലനിന്നിരുന്നുവോ? ശ്രീ രാമചന്ദ്രന്റെ അഭിപ്രയത്തില്‍ 'ഭൂമിയ്ക്കടിയിലെവിടെയോ ഒരു ലോകം ഉണ്ടായിരുന്നുവെന്നും ഭൂചലനത്തിലോ വിഘടനത്തിലോപ്പെട്ട്‌ അതെല്ലാം നാമാവശേഷമായിരിക്കാമെന്നും കരുതുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു'. നമ്മള്‍ അറിയാത്ത എന്തെല്ലാം രഹസ്യങ്ങള്‍ ഇനിയും ഭൂമിയ്ക്കടിയില്‍ ഒളിച്ചിരിപ്പുണ്ടാകാം? അനുയോജ്യമായ നിമിഷങ്ങള്‍ക്ക്‌ വേണ്ടി ഈ രഹസ്യങ്ങള്‍ നമ്മളെ പ്രതീക്ഷിച്ചിരിയ്ക്കുകയാണോ?

1 comment:

Nishedhi said...

പാതാളലോകത്തെക്കുറിച്ച്‌ അറിയുമ്പോള്‍ നമ്മുടെ അത്ഭുതം കൂടുകയാണു. നമ്മള്‍ പുരാണങ്ങളില്‍ കേട്ടിട്ടുള്ള പാതാളലോകം യതാര്‍ഥത്തില്‍ നിലനിന്നിരുന്നുവോ?